ടെഹ്‌റാൻ: ഇസ്രായേൽ-ലെബനൻ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും തുറന്നുകൊടുക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രഖ്യാപനം നടത്തിയത്.
ഇറാന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചെങ്കിലും, ഇറാനുമായുള്ള ധാരണ പൂർണ്ണമാകുന്നതുവരെ യു.എസ്. നാവിക ഉപരോധം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാനുമായി കരാറിലെത്തുന്നതുവരെ അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. മിക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സമാധാന ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആവശ്യപ്പെട്ട സ്വത്ത് കൈമാറ്റവും സാധ്യമാകില്ല. ഹോർമുസിലെ പ്രതിസന്ധി അവസാനിച്ചു, നാറ്റോ ഹോർമുസിൽ സഹായിക്കാമെന്ന് അറിയിച്ച് വിളിച്ചിരുന്നു. സഹായിക്കേണ്ടെന്നും മാറി നിൽക്കാനും നാറ്റോയോട് പറഞ്ഞു. നാറ്റോയെ കൊണ്ട് ഒരു ഉപകാരവും ഇല്ലെന്നും വെറും കടലാസ് പുലിയാണെന്നും ട്രംപ് വിമർശിച്ചു.
ഹോർമുസ് പ്രതിസന്ധി ഒഴിഞ്ഞതിന് പിന്നാലെ സൗദിക്കും ഖത്തറിനും യുഎഇക്കും ട്രംപ് നന്ദി അറിയിച്ചു. അവരുടെ ധീരതക്കും അവർ നൽകിയ സഹായത്തിനും നന്ദി. ഇറാൻ അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടലിൽ നിക്ഷേപിച്ച മൈനുകൾ നീക്കം ചെയ്യുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹോര്‍മുസ് കടലിടുക്ക് തുറന്നുവെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയാണ് 10% കുറഞ്ഞത്. എണ്ണവില കൂടുതല്‍ ഇടിഞ്ഞേക്കുമെന്നാണ് വിവരം. ഊര്‍ജ്ജ വിതരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകവിപണി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 90 ഡോളറില്‍ താഴെയായെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന യുദ്ധഭീതിയും കപ്പലുകൾക്ക് നേരെയുള്ള ഭീഷണിയും അന്താരാഷ്ട്ര വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിൻ്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയെന്ന നിലയിൽ ഹോർമുസ് തുറന്നത് ആഗോള വിപണിയിൽ ഇന്ധനവില നിയന്ത്രിക്കുന്നതിനും വ്യാപാര തടസങ്ങൾ നീങ്ങുന്നതിനും കാരണമാകും.
അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ഉടനില്ലെന്ന് സൂചന; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

