Thursday, June 11, 2026
Home » വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ അപകടത്തിൽ പെട്ട് 9 മരണം
വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ അപകടത്തിൽ പെട്ട് 9 മരണം

വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ അപകടത്തിൽ പെട്ട് 9 മരണം

by Editor

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 9 മരണം. പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. മലപ്പുറം വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

വിനോദസഞ്ചാരത്തിന് പോയ സംഘം വാൽപ്പാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് പല തവണ കീഴ്മേൽ മറിഞ്ഞ് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു.

മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ അബ്‌ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എൽപി സ്‌കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (37) എന്നിവരാണ് സംഭവസ്‌ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ച പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീനയുടെ മകൾ മസ്‌നീൻ(10) ജിഎൽപി സ്‌കൂളിലെ പാചകത്തൊഴിലാളിയും അപകടത്തിൽ മരിച്ച സാജിതയുടെ മകനുമായ ഷഹദീൻ, സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), ടൂറിസ്‌റ്റ് വാനിൻ്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയിൽ. ഇതിൽ മസ്‌നീൻ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മസ്‌നീനെ പൊള്ളാച്ചി ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷം രാത്രിയോടെ നാട്ടിലേക്കു കൊണ്ടുപോയി.

സ്കൂൾ അവധിക്കാലത്ത് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമായി യാത്ര പുറപ്പെട്ട അധ്യാപക സംഘത്തെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ മലപ്പുറം കോളത്തൂരിൽ നിന്ന് യാത്ര തിരിച്ച സംഘം അതിരപ്പിള്ളി സന്ദർശിച്ച ശേഷമാണ് വാൽപ്പാറയിലേക്ക് പോയത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!