Friday, May 29, 2026
Home » പ്രശസ്ത മാധ്യമപ്രവർത്തകൻ ടി. ശശികുമാർ
പ്രശസ്ത മാധ്യമപ്രവർത്തകൻ ടി. ശശികുമാർ

പ്രശസ്ത മാധ്യമപ്രവർത്തകൻ ടി. ശശികുമാർ

by Editor

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പ്രാദേശിക ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്റെ (Asianet) സ്ഥാപകനും ആദ്യകാല ചെയർമാനും ദൃശ്യമാധ്യമ രംഗത്തെ അതികായനുമായ ശശികുമാറിൻ്റെ 74-ാം ജന്മദിനമാണിന്ന്. ഇപ്പോൾ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാ‌ൻ. ഒപ്പം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് ട്രസ്റ്റായ ‘മീഡിയ ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ’ സ്ഥാപകനും അധ്യക്ഷനുമാണ്.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത കരൂപടന്നയാണ്‌ ശശികുമാറിന്റെ ജന്മദേശം. പിതാവ് വി ബാലകൃഷ്ണമേനോൻ. മാതാവ് തോട്ടപ്പിള്ളിൽ ഭാനുമതി. ബോംബെ, കൽകട്ട, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

സംഗീതാസ്വാദനത്തിൽ താത്പര്യമുള്ള അദ്ദേഹം വെങ്കട്ടരാമഭാഗവതരുടെ കീഴിൽ പത്തുവർഷം സംഗീതവും പഠിച്ചു. ഐ.എ.എസിനു സെലക്ഷൻ ലഭിച്ചെങ്കിലും ചലച്ചിത്രത്തോടുള്ള ആഗ്രഹം കാരണം ഐ.എ.എസ് വേണ്ടെന്നു വെക്കുകയായിരുന്നു. ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായാണ്‌ ടി.വി രംഗത്തേക്കുള്ള പ്രവേശം. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. 1984 മുതൽ 86 വരെയുള്ള വർഷങ്ങളിൽ ഹിന്ദുവിന്റെയും, ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാ ലേഖകനായി ജോലിചെയ്തു.

ചലച്ചിത്രകാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്കു ചുവടുവെച്ച ശശികുമാർ ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്. ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ'(1980), ‘ലൗഡ്സ്പീക്കർ’, ‘എന്നു നിന്റെ മൊയ്തീൻ’, ‘ബാല്യകാലസഖി- 2014’, ‘ലവ് 24×7’ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. എൻ.എസ്. മാധവന്റെ ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥയെ ആസ്പദമാക്കി ശശികുമാർ ഹിന്ദിയിൽ ‘കായ തരൺ’ എന്ന സിനിമ സംവിധാനം ചെയ്തു.

പി. ഭാസ്കരൻ്റെ മകൾ രാധികയാണ്‌ ശശികുമാറിൻ്റെ ഭാര്യ ; തൂലിക ചിൽഡ്രൻസ് പബ്ലിക്കേഷൻ ഉടമ.

ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റ് സ്ഥാപിച്ചു. പി.ടി.ഐ.-ക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയിൽ നിന്നാണ്‌ ‘ഏഷ്യാനെറ്റി’ൻ്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രൊപ്പോസൽ പി.ടി.ഐ അംഗീകരിക്കാതെ വന്നപ്പോഴാണ്‌ ശശികുമാർ തൻ്റെ അമ്മാവനായ ഡോ. റജി മേനോനുമായി ചേർന്ന് സ്വന്തമായി ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ‘ഏഷ്യാനെറ്റി’ൻ്റെ പേരും ലോഗോയും ആമുഖ ഗാനവും ശശികുമാർ ഉണ്ടാക്കിയതാണ്; ഇന്നും അതുതന്നെ തുടരുന്നു. ചാനൽ കമ്പനിയുടെ ആദ്യ ചെയർമാൻ ശശികുമാറിൻ്റെ ഭാര്യ പിതാവ് പി ഭാസ്കരൻ ആയിരുന്നുവല്ലോ. ‘ഏഷ്യനെറ്റ്’ തീം സോങ് – “കേര കേദാര ഭൂമി ….” (പി. ഭാസ്ക്കരൻ & ഏ ആർ. റഹ്മാൻ)

ഇന്റർനെറ്റും മറ്റും വന്നുതുടങ്ങിയ അക്കാലത്തു തന്നെ (1990-കളിൽ) കേബിൾ ടീവിയും അതിനുപുറമെ ഇന്റർനെറ്റ് സേവനങ്ങൾക്കുമായി മറ്റൊരു കമ്പനിയും രൂപീകരിച്ചു.

പഴയ കാല സോവിയറ്റ് യൂണിയനിലും പുതുകാല റഷ്യയിലും ഉണ്ടായിരുന്ന തന്റെ വാണിജ്യ ഇടപാടുകളിൽ വൻതകർച്ച നേരിട്ടിപ്പോൾ ഡോ. റജി മേനോൻ മുഖ്യ ഓഹരിയുടമ എന്ന നിലയിൽ ‘ഏഷ്യാനെറ്റി’ന്റെ നിയന്ത്രണമേറ്റെടുത്തു. അമ്മാവന്റെ ഭരണം വന്നപ്പോൾ അനന്തരവൻ സ്‌ഥലം വിട്ടു!

കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന്’ ശശി കുമാറിനെ 2021-ൽ തിരഞ്ഞെടുത്തു. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. ശശികുമാറിന്റെയും ടി.വി. ചന്ദ്രന്റെയും ആത്മമിത്രമായിരുന്ന ‘ചിന്ത രവി’യുടെ നിര്യാണവേളയിലും പിന്നീട് പല വർഷങ്ങളിലായി നടന്ന അനുസ്മരണങ്ങൾക്കും ഇദ്ദേഹം തൃശൂരിൽ വന്നിരുന്നതായി ഓർക്കുന്നു.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!