Friday, May 29, 2026
Home » നിയോഗങ്ങൾ വഴിത്തിരിവുകൾ
നിയോഗങ്ങൾ വഴിത്തിരിവുകൾ

നിയോഗങ്ങൾ വഴിത്തിരിവുകൾ

by Editor

“പാൽ കാച്ചി വെച്ചിട്ടുണ്ട്. ഇവിടെ വരുന്ന ആരും അതിൽ തൊടുകയോ കുടിക്കുകയോ അരുത്”. വർഷങ്ങൾക്കു മുൻപ് ഒരു കടലാസു തുണ്ടിൽ കണ്ട ഈ വരികൾ അന്ന് എന്നെ വല്ലാതെ വെറുപ്പിച്ചു.
“വാ നമുക്ക് പോകാം. ഇനി ഇങ്ങോട്ട് വരണ്ട. ഇവർ വാങ്ങുന്ന പാല് കുടിക്കാൻ ആണോ നമ്മൾ ഇവിടെ വരുന്നത്?. ട്യൂഷനല്ലേ “‘
കൂട്ടുകാരികളോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. അത് തലയോലപ്പറമ്പ് ഡി. ബി കോളേജിൽ ഞാൻ രണ്ടാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒന്നാം വർഷം പരീക്ഷക്ക്‌ എല്ലാ വിഷയവും കിട്ടി ഒരു വിധം നല്ല മാർക്കോടെ തുടരുമ്പോഴാണ് കോളേജിൽ സമരം ഒക്കെ വന്നു ക്ലാസ്സ്‌ മുടങ്ങും സെക്കന്റ്‌ ഇയർ മാർക്ക്‌ കുറയും എന്ന് പറഞ്ഞു അച്ഛൻ ട്യൂഷന് നിർദേശിച്ചത്.

അങ്ങനെ കൂട്ടുകാരികൾക്കൊപ്പം ഞാനും ട്യൂഷൻ ക്ലാസിൽ പോകാൻ തുടങ്ങി. യൂണിവേഴ്സൽ ട്യൂട്ടോറിയൽസ് എന്ന സ്ഥാപനം തലയോലപ്പറമ്പിൽ ആണ്. കോളേജിലും അവിടെയും ആയി പിന്നെ പഠനം. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ശാസ്ത്ര വിഷയങ്ങൾ എടുത്തിരുന്ന രണ്ട് അധ്യാപകർ എന്തോ പ്രശ്നത്താൽ അവിടുന്നു മാറി. ഞങ്ങൾക്ക് അവരുടെ ക്ലാസുകൾ വളരെ പ്രധാനപ്പെട്ടതും ആയിരുന്നു. വേറെ ഒരു വാടക കെട്ടിടത്തിലേക്കു ചുരുങ്ങിയ കാലത്തേക്ക് പോകാൻ പറ്റില്ല. പരീക്ഷയും അടുത്തു വരുന്നു. അപ്പോഴാണ് ഞങ്ങളുടെ സഹപാഠികളായ രണ്ട് ആൺകുട്ടികൾ താമസിക്കുന്ന വീടിനു പിന്നിലെ ഒരു മുറിയിൽ ഇടയ്ക്ക് ക്ലാസുകൾ നടത്തിക്കൊള്ളാൻ വീട്ടുടമ സമ്മതിച്ചത്. ഒരു തോടിന്റെ കരയിലുള്ള ആ വീട്ടിലായിരുന്നു അന്നത്തെ HNL ഉദ്യോഗസ്ഥരായ അദ്ദേഹവും രണ്ട് മൂന്നു സുഹൃത്തുക്കളും താമസിച്ചിരുന്നത്. പിൻവശത്താണ് ഞങ്ങൾ പഠിച്ച മുറി. ആ മുറിയിൽ ആണ് പാൽ കാച്ചി വെച്ചിരുന്നതും ആ കത്ത് ഞങ്ങൾ കണ്ടതും.

പിന്നീട് അന്ന് ഞാൻ വെറുത്ത ആ കൈയ്യക്ഷരത്തിലായിരുന്നു എനിക്ക് ഒട്ടേറെ പ്രണയലേഖനങ്ങൾ വന്നത്. ചുരുക്കം പറഞ്ഞാൽ തലപ്പാറയിൽ നിന്നു നേരെ മുളക്കുളം അമ്പലപ്പടിയിലേക്ക് ബസ് കയറിയിരുന്ന ഞാൻ തലയോലപ്പറമ്പിലേക്ക് ബസ് കയറേണ്ടി വന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. അല്ലെങ്കിൽ കൊച്ചിൻ ഷിപ്‌യാർഡിൽ നിന്നും അദ്ദേഹം ഈ HNL ലേക്ക് അതിനു രണ്ട് വർഷം മുൻപ് എടുത്തു ചാടുമായിരുന്നില്ലല്ലോ. ഞങ്ങൾ ഒരിക്കലും കണ്ടു മുട്ടുക പോലുമില്ലായിരുന്നല്ലോ !

നിയോഗങ്ങൾ അതിന്റേതായ വഴിയിലൂടെ മാത്രം നമ്മളെ നയിക്കുന്നു എന്ന് ഇപ്പോൾ വിശ്വസിക്കുന്നു. അതിൽ നിന്നു തെല്ലും വഴി മാറി സഞ്ചരിക്കാൻ മനുഷ്യർക്ക്‌ സാധിക്കില്ല. പിന്നീട് ചിലർക്ക് അതിനെ വിധി എന്നോ മറ്റൊ ഒക്കെ വിളിച്ചു വെറുതെ നെടുവീർപ്പിടാം. ചിലർക്കതു സൗഭാഗ്യത്തിന്റെ സൂര്യോദയമാകാം. എങ്ങനെ നോക്കിയാലും ചിലപ്പോൾ ജീവിതം വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഏറെ തളർന്നാൽ ഒന്ന് തല ചായ്ക്കാൻ, വെയിലേറ്റു വാടുമ്പോൾ ഒന്ന് ഇളവേൽക്കാൻ ഇപ്പോഴും അത് ഒരിടം എനിക്കായി കരുതി വെക്കുന്നു. അതിന് പിന്നിൽ കൃഷ്ണനോ ക്രിസ്തുവോ നബിയോ ആരായാലും ദൈവം എന്ന് പേരിട്ടു നാം വിളിക്കുന്ന ആ അദൃശ്യ ശക്തി ഏതു നൊമ്പരത്തിലും കൂടെയുണ്ടെന്നു ജീവിതം എന്നെ പഠിപ്പിക്കുന്നു. ഈ ഏപ്രിൽ നിർണ്ണായകം ആണെന്നും ആയില്ല്യത്തിന് കാര്യമായ രാശി മാറ്റം സംഭവിക്കും എന്നും ചതിക്കുഴികളിൽ പോയി വീഴരുത് എന്നും ജ്യോൽസ്യം. വിഷു കഴിഞ്ഞു മാത്രമേ ഏതു കാര്യത്തിനും തുനിഞ്ഞിറങ്ങാവൂ എന്നും.

(“എടീ സീമേ നീ എണീറ്റോ” എന്ന് ചോദിച്ചു മെസ്സഞ്ചറിൽ വന്ന ഒരു 45 കാരനെ ബ്ലോക്കിയതും ഒക്കെ ഈ സമയത്തിന്റെതാകുമോ? എന്റെ മകനുണ്ട് 42 വയസ്സ്…) Fb നിർജീവമാകണ്ട എന്നോർത്ത് ചില പുതിയ റിക്വസ്റ്റുകൾ സ്വീകരിച്ചതിന്റെ തിരുശേഷിപ്പുകൾ ആയി ഇങ്ങനെയും ചിലർ. എല്ലാവരും ഇങ്ങനെ അല്ല കേട്ടോ. ചിലർ വളരെ മാന്യമായി പെരുമാറുന്നുണ്ട്.

പി. സീമ

Send your news and Advertisements

You may also like

error: Content is protected !!