Friday, May 29, 2026
Home » പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

by Editor

മുംബൈ: പ്രശസ്ത പിന്നണി ​ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശാ ഭോസ്‌ലെയുടെ മൃതദേഹം നാളെ രാവിലെ 11 മണി മുതൽ ലോവർ പരേലിലെ വസതിയായ ‘കാസ ഗ്രാൻഡെ’യിൽ പൊതുദർശനത്തിന് വെക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു. തുടർന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കും.

1933 സെപ്റ്റംബർ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ജനനം. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഒമ്പതാം വയസ്സിൽ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായാണ് ആശാ ഭോസ്ലെ സഹോദരി ലതയ്ക്കെക്കൊപ്പം സിനിമയിൽ പാടാനും അഭിനയിക്കാനും തുടങ്ങിയത്. 1943-ൽ ‘മജാ ബാൽ’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1948-ൽ ‘ചുനരിയ’യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.

എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ വിവിധ ഭാഷകളിലായി 12,500-ലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. “അഭി ന ജാവോ ഛോദ് കർ”, “ഇൻ അങ്കോൻ കി മസ്‌തി”, “പിയാ തു അബ് തോ ആജാ” തുടങ്ങിയ വിഖ്യാത ഗാനങ്ങൾ ഇന്നും അനശ്വരമാണ്. 1977-ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന സിനിമയിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പാടിയ “സ്വയംവര ശുഭദിനം” ആണ് ആശാ ഭോസ്‌ലെ മലയാളത്തിൽ ആലപിച്ച ഒരേയൊരു ഗാനം.

ശാസ്ത്രീയ സംഗീതം, ഗസൽ, ഭജൻ, പോപ്പ്, ഖവാലി എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. ഹിന്ദിക്ക് പുറമെ 20ലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. ഒ പി നയ്യാർ, സച്ചിൻ ദേവ് ബർമ്മൻ, ആർ ഡി ബർമൻ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം അനശ്വരമായ നിരവധി ഗാനങ്ങളുടെ ഭാഗമായി. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു. 2013-ൽ ‘മായി’ എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കരിൻ്റെ സഹോദരി ആണ്. ഗ്രാമി പുരസ്ക്‌കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 2000-ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടം നേടി. ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

മക്കൾ: വർഷ (പരേത) ഹേമന്ത് (പരേതൻ) ആനന്ദ്.

Send your news and Advertisements

You may also like

error: Content is protected !!