തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന് മുന്നില്‍ നടവഴിയില്‍ ഈ മനുഷ്യശില്പം കാണപ്പെടുന്നു. കിരീടവും പൂണൂലും ധരിച്ച് ഒരു കൈയില്‍ ശംഖ് പിടിച്ച ഈ മനുഷ്യരൂപത്തെ കഴുവേറ്റിയതു പോലെ മറ്റൊരു ചതുരസ്തൂപത്തിന്‍മേല്‍ മലര്‍ത്തിക്കിടത്തിയിരിക്കുന്നു. ഈ ശിലാരൂപത്തിനു ഒരു കഥ പറയാനുണ്ട്.
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ സംഭവം/കഥ നടന്നതെന്നാണ് അനുമാനം.
ഒരിക്കൽ ഒരു ചെമ്പകശ്ശേരി രാജാവ് തൃക്കൊടിത്താനം ക്ഷേത്രത്തില്‍ തൊഴാനായി എത്തി. നടയടക്കുന്ന സമയത്തിനു മുമ്പ് അദ്ദേഹത്തിനു എത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ നടയടച്ച് പൂജാരിയും മാരാരും പുറത്തേക്കിറങ്ങുകയായിരുന്നു. രാജാവ് പൂജാരിയെയും മാരാരെയും പ്രലോഭിപ്പിച്ച് നട വീണ്ടും തുറപ്പിക്കുകയും ദേവനെ തൊഴുത് തിരിച്ചുപോകുകയും ചെയ്തു.
ഈ വിവരം എങ്ങനെയോ ക്ഷേത്രത്തിൻ്റെ ഊരാളരുടെ ചെവിയിലെത്തി. അവര്‍ ഊരായ്മ സഭ വിളിച്ചു ചേര്‍ത്തു. അവര്‍ പൂജാരിയുടെയും മാരാരുടെയും മേല്‍ ശിക്ഷണനടപടി ഉണ്ടാകണമെന്ന അഭിപ്രായക്കാരായിരുന്നു. ഒരു നേരം നടയടച്ചു കഴിഞ്ഞാല്‍ ചക്രവര്‍ത്തി വന്നു പറഞ്ഞാല്‍പോലും നട തുറക്കാന്‍ പാടില്ല എന്നാണ് നിയമം. ഈ ഗുരുതരമായ തെറ്റ് ചെയ്തവര്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്നതിന് ഊരായ്മക്കാരായ ബ്രാഹ്മണര്‍ തെക്കുംകൂര്‍ രാജാവിന്‍റെ അഭിപ്രായം / അനുവാദം തേടി.
അക്കാലത്ത് ചങ്ങനാശ്ശേരി തെക്കുംകൂർ രാജ്യത്തിന്‍റെ ഒരു പ്രധാനപ്പെട്ട ആസ്ഥാന ദേശമായിരുന്നു. രാജാവ് അടുത്ത ദിവസം തന്നെ തൃക്കൊടിത്താനത്ത് എത്തുകയും പ്രതികളെ ഹാജരാക്കി വിവരങ്ങള്‍ ആരായുകയും ചെയ്തു. അവര്‍ രാജാവിന്‍റെയും ഊരായ്മസഭയുടെയും സമക്ഷം മാപ്പിരന്നു. നാടുവാഴിയെ അനുസരിക്കേണ്ടി വന്ന അവര്‍ക്ക് ഒരു ശിക്ഷയും കൊടുക്കാന്‍ രാജാവിന് മനസ്സ് വന്നില്ല. പക്ഷെ, രാജ്യത്തെ പൊതുനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ ഒരു ശിലാരൂപത്തെ കൊത്തിച്ചുണ്ടാക്കി ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചു. ചെമ്പകശ്ശേരി രാജാവിനെ ഉദ്ദേശിച്ച് കിരീടവും പൂജാരിയെ ഉദ്ദേശിച്ച് പൂണൂലും മാരാരെ ഉദ്ദേശിച്ച് ഒരു കൈയില്‍ ശംഖും ഇതില്‍ കാണാം.
‘കഴുവേറ്റിക്കല്ലുകൾ’ എന്ന പേരിൽ ഇത്തരം ശിലാരൂപങ്ങൾ മറ്റു പലയിടങ്ങളിലും കാണാവുന്നതാണ്.
ഒരു കാലത്ത് ഏറ്റവും പ്രാകൃതവും ദയാരഹിതവുമായ വധശിക്ഷാ മാർഗ്ഗമായിരുന്നു കഴുവേറ്റൽ. നെടുകെ നാട്ടിയ കൂർത്ത കമ്പി മേൽ കുറ്റവാളിയെ കോർത്തിടും. വെയിലേറ്റും ആഹാരവും വെള്ളവും കിട്ടാതെയും വൈകാതെ കുറ്റവാളി മരിക്കും. ഉയർന്ന ജാതിക്കാരിൽ ഇത്തരം ശിക്ഷ നടപ്പാക്കിയിരുന്നില്ല. എന്നാൽ അവരിൽ പെട്ടവർക്ക് കടുത്ത ശിക്ഷ എന്ന നിലയിൽ ഭരണാധികാരികൾ സ്വീകരിച്ച മറ്റൊരു വഴിയായിരുന്നു ഇത്തരത്തിലുള്ള പ്രതീകാത്മക ശിക്ഷാരീതി.
എന്തായാലും മദ്ധ്യകാലത്തിന് മുമ്പു തന്നേ തുടങ്ങിയെന്ന് കരുതാവുന്ന “ശിക്ഷാവിധിയായി പ്രതീകാത്മകമായ പരസ്യപ്പെടുത്തൽ” തൃക്കൊടിത്താനത്ത് തെക്കുംകൂർ രാജാവ് നടപ്പിലാക്കിയതാവാം എന്നതിന് ഏറെ സംശയത്തിന് വഴിയില്ല.
കോട്ടയം നാട്ടുകൂട്ടം’ ഗ്രൂപ്പിൽ 2014-ൽ വന്ന ഒരു പോസ്റ്റ് പള്ളിക്കോണം രാജീവ് ഷെയർ ചെയ്തത്

