കൊച്ചി: പശ്ചിമ ബംഗാളിൽ ഇന്ന് നടക്കുന്ന രണ്ടാം ഘട്ട പോളിങ് കൂടി കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തു വരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വൈകിട്ട് 6:30-ന് ശേഷമേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ അനുമതിയുള്ളൂ. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് നാലിനാണ്. പശ്ചിമ ബംഗാളിനൊപ്പം കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നുതന്നെ ലഭ്യമാകും.
എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ നൽകും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്‌സിറ്റ് പോളുകൾ ഇന്നു പ്രസിദ്ധീകരിക്കും. അക്സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഇന്ന് നൽകിയേക്കും. ടുഡെയ്‌സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്‌സിറ്റ് പോൾ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. മനോരമ ന്യൂസ് സി വോട്ടർ എക്‌സിറ്റ് പോളും ഇന്ന് സംപ്രേഷണം ചെയ്യും.
കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ ഒമ്പതിന് ഒറ്റ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ 23 നും, ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലുമായിട്ടായിരുന്നു വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ആരു ജയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ഉയർന്ന പോളിങ് ശതമാനവും തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇതിനിടയിൽ മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.

