Wednesday, April 29, 2026
Home » ഊണിനുവേണ്ടിയുള്ള കാത്തിരിപ്പ്; സംഭവം ഗ്രാൻഡ്
ഊണിനുവേണ്ടിയുള്ള കാത്തിരിപ്പ്; സംഭവം ഗ്രാൻഡ്

ഊണിനുവേണ്ടിയുള്ള കാത്തിരിപ്പ്; സംഭവം ഗ്രാൻഡ്

by Editor

എൻ്റെ കൗമാര- യൗവനാരംഭത്തിൽ എല്ലാം എറണാകുളം നഗരത്തിൽ വല്ലപ്പോഴും മാത്രം വരാറുള്ളു; ഒപ്പം ജ്യേഷ്ഠസഹോദരന്മാരും ഉണ്ടാകും. അന്നൊക്കെ ഉച്ചയൂണ് എംജി റോഡിലെ ഗ്രാൻ്റ് ഹോട്ടലിൽ ആയിരിക്കും എന്നത് അലിഖിത നിബന്ധനയായിരുന്നു! അക്കാലത്തും ഭാഗികമായി ഇന്നും കേരളീയമായ രുചിയും ഒപ്പം കുടുംബക്കൂട്ടങ്ങൾക്ക് ചേരുന്ന ആംബിയൻസും എല്ലാമിവിടെയുണ്ട്. തിരക്കും കൂടും തോറും വില വർദ്ധിപ്പിക്കുന്ന കാരുണ്യവാന്മാരാണ് ഇതിൻ്റെ ഉടമകൾ ! ഉണിനൊപ്പം വൈൻ രുചിച്ചു ശീലമായവരെയും ഗ്രാൻ്റ് കൈവിടാറില്ല!

ഇപ്പോഴൊക്കെ ഉച്ചയൂണിന് ഗ്രാൻ്റിൽ പോയാൽ കൗണ്ടറിൽ നാമപത്രിക സമർപ്പിച്ചു കാത്തിരിക്കണം. അത്തരമൊരു കാത്തിരിപ്പാണ് ചിത്രത്തിൽ!

എറണാകുളത്തെ സെവൻ്റീ ഫീറ്റ് പാതയോരത്ത് (എംജി റോഡിൽ) സ്ഥാപിതമായ ഗ്രാൻഡ് ഹോട്ടൽ കൊച്ചിയിലെ ഒരു നാഴികക്കല്ലായ പൈതൃക നിർമ്മിതിയായി ഇന്നും നിലനില്ക്കുന്നു. ആറ് പതിറ്റാണ്ടിലേറെയായി, കൊച്ചിലെത്തുന്ന കുടുംബങ്ങൾക്കും, ബിസിനസ്സ് യാത്രക്കാർക്കും, കൊച്ചി സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്കും എംജി റോഡിലെ പ്രിയപ്പെട്ട ഒരു സംഗമ കേന്ദ്രമായി തുടരുന്നു…

ആർട്ട് ഡെക്കോ ശൈലിയിലും കേരളീയമായ സമുദ്ര- കായൽ വിഭവങ്ങളുടെ പേരിൽ പ്രശസ്തമാണ് ഗ്രാൻഡ് ഹോട്ടൽ. കരിമീൻ പൊള്ളിച്ചത് (വാഴയിലയിൽ മസാല പൊതിഞ്ഞു ലഘുവായി വറുത്ത / പൊള്ളിച്ച കരിമീൻ) അവതരിപ്പിച്ച നഗരത്തിലെ ആദ്യത്തെ ഹോട്ടലുകളിൽ ഒന്നായിരുന്നു ഇത് എന്നാണ് പെരുമ.

ആർ. ഗോപാലകൃഷ്ണൻ

അനുബന്ധം: കൊച്ചി തുറമുഖം വിഭാവനം ചെയ്ത ചീഫ് എഞ്ചിനീയർ സർ റോബർട്ട് ബ്രിസ്റ്റോ, വെല്ലിങ്ഡൺ ഐലൻ്റിൽ നിന്ന് എറണാകുളം നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് വെണ്ടുരുത്തിൽ പാലത്തിൽ നിന്ന് ആരംഭിച്ച്, നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ ചിറ്റൂർ റോഡിന് സമാന്തരമായി 70 അടി വീതിയുള്ള ഒരു പാത നിർമ്മിക്കാനുള്ള നിർദ്ദേശം കൊച്ചി രാജ്യ ഭരണാധികാരികൾക്കു മുന്നിൽ സമർപ്പിച്ചു. 1923-ൽ രാജ്ഞി അമ്മ പാറുക്കുട്ടി നെയ്താർ അമ്മ ഇത് അംഗീകരിക്കുകയും സ്ഥലം വിട്ടു നല്കുകയും ചെയ്തു; 1925-ൽ പാത പണി പൂർത്തിയാക്കി തുറന്നു – ‘സെവൻ്റി ഫീറ്റ് റോഡ്’ എന്നായിരുന്നു പേര്. 1972-ൽ രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഈ റോഡിന് മഹാത്മാഗാന്ധി റോഡ് (എംജി റോഡ്) എന്ന് പുനർനാമകരണം ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!