ഘഡാമസ്: വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൺസോർഷ്യം പുതിയ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യൻ പൊതുമേഖലാ സ്‌ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഓയിൽ ഇന്ത്യയും, അൾജീരിയയുടെ സൈപെക്സ് എന്ന കമ്പനിയും ചേർന്ന കൺസോർഷ്യമാണ് എണ്ണ, വാതകപ്പാടം കണ്ടെത്തിയത്.
തെക്കുപടിഞ്ഞാറൻ ലിബിയയിലെ ഘഡാമസ് ബേസിനിൽ (Ghadames Basin) സ്ഥിതി ചെയ്യുന്ന ഏരിയ 95/96 എന്ന ഓൺഷോർ ബ്ലോക്കിലാണ് ഈ കണ്ടെത്തൽ. പരീക്ഷണ വേളയിൽ ഈ കിണറിൽ നിന്ന് പ്രതിദിനം 1.3 കോടി ഘനയടി പ്രകൃതിവാതകവും 327 ബാരൽ കണ്ടൻസേറ്റും (condensate) ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി. ബ്ലോക്കിൽ ഖനനം ചെയ്ത ആറാമത്തെ കിണറായ ‘A1-96/02’ ലാണ് ഈ പുതിയ ശേഖരം കണ്ടെത്തിയത്. ലിബിയയുടെ നാഷണൽ ഓയിൽ കോർപ്പറേഷൻ (NOC) ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ കമ്പനികളുടെ വിദേശത്തെ പര്യവേക്ഷണ, ഉൽപാദന രംഗത്തെ പുതിയ നാഴികക്കല്ലാണിതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രതികരിച്ചു. ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ വാങ്ങാനായി കൂടുതൽ രാജ്യങ്ങളെ ആശ്രയിക്കുന്ന നടപടികളിലേക്ക് ഇന്ത്യ കടന്നിരിക്കേയാണ് ആഫ്രിക്കയിൽ നിന്ന് ‘സന്തോഷ വാർത്ത’ എത്തിയതെന്നത് നേട്ടമാണ്. ഇതുകൂടാതെ, എനർജി മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം ആഗോളതലത്തിൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയിലും പുതിയ ഗ്യാസ് ശേഖരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

