ബംഗളൂരു: ബംഗളൂരുവിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ (Bowring and Lady Curzon Hospital) പത്തടിയിലധികം ഉയരമുള്ള മതിലാണ് തകർന്നു വീണത്. കനത്ത മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷതേടി ആളുകൾ മതിലിനോട് ചേർന്ന് കെട്ടിയ ടാർപ്പായയ്ക്ക് താഴെ അഭയം പ്രാപിച്ചപ്പോഴാണ് ദശാബ്ദങ്ങൾ പഴക്കമുള്ള മതിൽ പെട്ടെന്ന് തകർന്നു വീണത്.
കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങൾക്കാണ് ജീവൻ നഷ്‌ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47) എന്നിവരാണ് മരിച്ചത്.
കേരളത്തിൽ നിന്നെത്തിയ 56 അംഗ സംഘത്തിലെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ആറ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. മറ്റുള്ളവർ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പർച്ചേയ്‌സിനാണ് കുടുംബശ്രീ സംഘത്തിലെ അഞ്ചുപേർ ശിവാജി നഗറിൽ എത്തിയത്. ആശുപത്രിയുടെ ചുറ്റു മതിലിന് താഴെ ഒരു ടാർപോളിൻ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്ന അഞ്ചു മലയാളികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ മൂന്ന് സ്ത്രീകൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
അമൃതംപൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ എത്തിയ 56 സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളിലേക്ക് പോയത്. കനത്ത മഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

