ആദ്യമായി എം. വി. ദേവനെ കാണുന്നത് 1974-ൽ അദ്ദേഹം കേരളാ ലളിതകലാ അക്കാദമി ചെയർമാൻ ആയിരിക്കുമ്പോൾ അക്കാദമിയുടെ ആനുവൽ എക്സിബിഷൻ എറണാകുളത്തു സാഹിത്യ പരിഷദ് ക്യാമ്പസ്സിൽ നടക്കുന്ന വേളയിൽ ആണ്, ആണെന്നാണ് ഓർമ്മ.
പിന്നീട് ആ ബന്ധം കുറേകൂടി ദൃഢമായതു കേരളാ യൂണിവേഴ്സിറ്റി യൂണിയൻ 1975-ൽ കോഴഞ്ചേരിയിലെ ‘ചരൽകുന്നി‘ൽ നടത്തിയ സാഹിത്യ-കല ക്യാമ്പ് ആയ ‘സർഗ്ഗ സംവാദ’ത്തിൽ വച്ചാണ്. എം ഗോവിന്ദനുമായുള്ള എൻ്റെ അടുപ്പവും ദേവൻ മാഷുമായുള്ള ബന്ധത്തിന് ദൃഢത നല്കി; അന്നൊക്കെ ഞാൻ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രീ-ഡിഗ്രി വിദ്യാർത്ഥിയാണ്.
അടുത്ത വർഷം തന്നെ (1976) ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ എം വി ദേവൻ, എം കെ സാനു, എം തോമസ് മാത്യു, ഡി. വിനയചന്ദ്രൻ, ടി ആർ, പിന്നീട് സന്ന്യസിയായ ഫിലോസഫി പ്രൊഫസ്സർ രാമചന്ദൻ സാർ, സിനിമാ എഴുത്തുകാരനായിരുന്ന പീറ്റർ ലാൽ തുടങ്ങിയവരെ ഞങ്ങൾ പഠിച്ചിരുന്ന തൊടുപുഴ ന്യൂമാൻ കോളേജിൽ വിളിച്ചുകൊണ്ടുപോയി പ്രസംഗിപ്പിച്ചു. എന്റെ കൈവശമുള്ള, എം വി ദേവൻ്റെ ഏറ്റവും പഴയചിത്രം അന്നെടുത്താണ്….
പിന്നീട് പലപ്പോളും പലയിടങ്ങളിലും വേദി പങ്കിടുകയും ഒരുമിച്ച് പ്രവർത്തിക്കുക യുമെല്ലാം ഉണ്ടായിട്ടുണ്ട്… ആ വേളകളിൽ എടുത്ത പല ചിത്രങ്ങളും കൈവശമുണ്ട്; നിരവധി ചിതങ്ങൾ നഷ്ടമായിപ്പോയിട്ടുണ്ട്… എങ്കിലും ഈ ചിത്രത്തിന് വ്യക്തിപരമായ വലിയ മൂല്യമാണ് എന്റെ മനസിലുള്ളത് ….
ആർ. ഗോപാലകൃഷ്ണൻ

