Friday, April 24, 2026
Home » അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ
അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ

അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ

by Editor
Send your news and Advertisements

സ്റ്റെപ്പാനോകോട്ട്: അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തോടനുബന്ധിച്ച്, നാഗോർണോ-കാരാബാഖ് (Nagorno-Karabakh) മേഖലയിലെ ചരിത്രപ്രസിദ്ധമായ അർമേനിയൻ കത്തീഡ്രൽ അസർബൈജാൻ തകർത്തു. നാഗോർണോ-കാരാബാഖിന്റെ തലസ്ഥാനമായ സ്റ്റെപ്പാനോകെർട്ടിലെ പ്രധാന ദേവാലയമായ ‘ഹോളി മദർ ഓഫ് ഗോഡ്‘ (Holy Mother of God) ആണ് നശിപ്പിക്കപ്പെട്ടത്. അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തിന് (ഏപ്രിൽ 24) മൂന്ന് ദിവസം മുൻപാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

നാഗോർണോ-കരാബാക്ക് പ്രദേശം പിടിച്ചെടുത്തതിന് പിന്നാലെ അർമേനിയൻ ക്രിസ്തീയ പൈതൃകങ്ങളെ ലക്ഷ്യമിട്ടുള്ള അസർബൈജാൻ്റെ കടന്നാക്രമണം തുടരുകയാണ്. ഷൂഷയിലെ (Shusha) വിശുദ്ധ രക്ഷകന്റെ കത്തീഡ്രൽ (Ghazanchetsots Cathedral) നേരത്തെ തകർത്തിരുന്നു. സ്റ്റെപ്പാനോകെർട്ടിലെ ‘ഹോളി മദർ ഓഫ് ഗോഡ്’  കത്തീഡ്രൽ ആർട്ട്സാഖിലെ അർമേനിയൻ ജനതയുടെ ആത്മീയവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇതേ സ്ഥലത്തുണ്ടായിരുന്നതും സോവിയറ്റ് ഭരണകാലത്ത് തകർക്കപ്പെട്ടതുമായ ഒരു പഴയ പള്ളിയുടെ സ്ഥാനത്താണ് ഈ കത്തീഡ്രൽ പണിതത്. 2006 ജൂലൈ 19-ന് അർമേനിയൻ ഓർത്തഡോക്സ്‌ സഭയുടെ കത്തോലിക്കോസ് കരേകിൻ രണ്ടാമന്റെ സാന്നിധ്യത്തിലാണ് ഇതിന് തറക്കല്ലിട്ടത്. 12 വർഷം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം 2019 ഏപ്രിൽ 7-നാണ് കത്തീഡ്രൽ കൂദാശ ചെയ്ത് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഗാഗിക് യെറാനോസ്യൻ രൂപകൽപ്പന ചെയ്‌ത ഈ പള്ളി അർമേനിയൻ ജനതയുടെ സത്വത്തിന്റെ ഭാഗമായിരുന്നു.

2023 സെപ്റ്റംബറിൽ അസർബൈജാൻ പ്രദേശം പിടിച്ചടക്കിയതോടെ ഭൂരിഭാഗം അർമേനിയക്കാരും അവിടെനിന്ന് പലായനം ചെയ്തു. 2023 ഒക്ടോബർ 1-നാണ് ഈ കത്തീഡ്രലിൽ അവസാനമായി വിശുദ്ധ കുർബാന നടന്നത്. അർമേനിയൻ ക്രൈസ്‌തവരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഇത്. അർമേനിയൻ സംസ്‌കാരത്തെയും മതപരമായ അടയാളങ്ങളെയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വിദഗ്‌ധരും ഉദ്യോഗസ്ഥരും ആരോപിക്കുന്നു. വംശഹത്യയുടെ വാർഷിക വേളയിൽ തന്നെ ഇത്തരമൊരു നശീകരണ പ്രവർത്തനം നടന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

ഒന്നാം ലോകമഹായുദ്ധകാലത്ത് (1915–1917) ഓട്ടോമൻ സാമ്രാജ്യത്തിന്റെ (ഇന്നത്തെ തുർക്കി) നേതൃത്വത്തിൽ നടന്ന ആസൂത്രിതമായ കൂട്ടക്കൊലയെയും നാടുകടത്തലിനെയുമാണ് അർമേനിയൻ വംശഹത്യ (Armenian Genocide) എന്ന് വിളിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഏകദേശം 8 ലക്ഷം മുതൽ 15 ലക്ഷം വരെ അർമേനിയൻ വംശജർ ഈ കാലയളവിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 1915 ഏപ്രിൽ 24-ന് കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ) വെച്ച് 250-ഓളം അർമേനിയൻ ബുദ്ധിജീവികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തതോടെയാണ് വംശഹത്യ ഔദ്യോഗികമായി ആരംഭിച്ചത്. അതുകൊണ്ടാണ് ഏപ്രിൽ 24 വംശഹത്യയുടെ സ്മരണാദിനമായി ആചരിക്കുന്നത്.

ഇത്രയും വലിയ കൂട്ടക്കൊല നടന്നിട്ടുണ്ടെന്ന് തുർക്കി ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. യുദ്ധത്തിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങൾ മാത്രമാണിതെന്നാണ് അവരുടെ വാദം. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങൾ ഇതിനെ ഒരു ‘വംശഹത്യ’ (Genocide) ആയി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!