Thursday, June 11, 2026
Home » ഗാലറി
കഥ - ഗാലറി

ഗാലറി

കഥ

by Editor

അയാൾ അന്ന് ജോലിക്ക് പോയപ്പോൾ ഫോൺ എടുക്കാൻ മറന്നു. പിള്ളേരതെടുത്ത് കളിച്ച് തകർത്ത് തരിപ്പണമാക്കുമോയെന്ന ആശങ്കയിൽ സുഹൃത്തിന്റെ ഫോണിൽ നിന്നും ഭാര്യയെ വിളിച്ചു.
“എട്യേ.. മക്കളുടെ കണ്ണിൽ പെടാണ്ട് ആ ഫോൺ എടുത്തു വയ്ക്കണേ..”

അന്നാദ്യമായ് ഭർത്താവിന്റെ ഫോൺ കയ്യിൽ കിട്ടിയ ഭാര്യ അതൊരു റിസർച്ചിന് വിധേയമാക്കി.
ഗാലറിയിൽ നിറയെ ഫേസ് ബുക്കിൽ നിന്നും മെസഞ്ചറിൽ നിന്നും വാട്ട്സപ്പിൽ നിന്നും പകർത്തിയെടുത്ത ചിത്രങ്ങൾ. സ്ക്രീൻ ഷോട്ടുകൾ.. എല്ലാം സീരിയൽ, സിനിമാ നടിമാരുടെ ഫോട്ടോകൾ.

“ഈ മനുഷ്യന് എന്തുട്ടിന്റെ സൂക്കേടാണാവോ, വല്ല പെണ്ണുങ്ങളുടെയൊക്കെ പോട്ടം സൂക്ഷിച്ച് വയ്ക്കാൻ. ശ്ശെ. മോശം ..മോശം.. തന്റെയും മക്കളുടെയും ഒരു പോട്ടം പോലുമില്ല.. വീട്ടില് വരട്ടെ ശരിയാക്കി കൊടുക്കാം..”
അവൾക്ക്‌ ദ്വേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. പിന്നെ നിമിഷം നേരം കൊണ്ട് ചറ പറാന്ന് ഗാലറി വെളുപ്പിച്ചു വച്ചു.

വൈകീട്ട് ഭർത്താവ് വീട്ടിൽ വന്നപ്പോൾ അവൾ അയാൾക്ക്‌ മുന്നിൽ ഓരോ പോസുകൾ അവതരിപ്പിച്ചു.
“ചേട്ടാ ഈ ആംഗിളിൽ നിന്ന് നോക്കിയാൽ ഞാൻ മഞ്ജു വാര്യരെ പോലെയില്ലേ.. ആ ആംഗിളിൽ നിന്ന് നോക്കിയാൽ കാവ്യയെ പോലെയില്ലേ.. നേരെ നോക്കിയാൽ ഭാവനയെ പോലെ യില്ലേ.. പിന്നിൽ നിന്നും നോക്കിയാൽ ശ്വേത മേനോനെ പോലെയില്ലേ..”

ഇവൾക്കെന്തു പറ്റിയെന്ന് ചിന്തിച്ച് അന്ധാളിച്ചു നിന്ന് അയാൾ ഇത്രേം പറഞ്ഞു.
“നിന്നെ കണ്ടാൽ ശരിക്കും ഒരാനക്കുട്ടീടെ പോലുണ്ടെന്ന്.. “

അവൾക്കത് സഹിക്കാനായില്ല.
അതുമിതും പറഞ്ഞ് പിണങ്ങി മുഖം വീർപ്പിച്ച് നേരെ പോയ് അടുക്കളയിലെ പാത്രങ്ങളോട് കലഹിച്ചു.

ഭർത്താവിനൊരു പണി കൊടുക്കണം എന്ന ചിന്തയിൽ അവൾക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. ഭാര്യയുടെ മൊബൈലിൽ അന്യ പുരുഷന്മാരുടെ പോട്ടം കണ്ടാൽ എല്ലാ കൺട്രോളും നഷ്ടപ്പെടുന്ന ഭർത്താക്കന്മാരെ പോലെ ഇങ്ങേരും അനുഭവിക്കട്ടെ കുറച്ചൊക്കെ.

അവൾ സ്വന്തം മോബൈലെടുത്ത് അതിലെ കല്യാണ ഫോട്ടോയും കുടുംബ ഫോട്ടോകളും ഡിലീറ്റ് ചെയ്ത് കുറെ സീരിയൽ, സിനിമാ നടന്മാരുടെ ഫോട്ടോകൾ ഡൗൺ ലോഡ് ചെയ്തു. എന്നിട്ട് ഭർത്താവ് കാണത്തക്ക രീതിയിൽ മേശപ്പുറത്ത് കൊണ്ടു വച്ചു.

മൊബൈൽ എടുത്ത് നോക്കി അതിലെ ഫോട്ടോകൾ കണ്ട് ഭർത്താവ് ഞെട്ടും എന്ന് കരുതി അവൾ കാത്തിരുന്നു. എന്നാൽ മൊബൈൽ നീക്കി വച്ച് അയാൾ ടി.വി ഓൺ ചെയ്ത് സീരിയൽ കണ്ടുക്കൊണ്ടേയിരുന്നു.

എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞപ്പോൾ അവൾ സഹികെട്ട് ഭർത്താവിനോട് പറഞ്ഞു.
“ഏയ് മനുഷ്യാ വല്ലപ്പോഴുമൊക്കെ ഭാര്യമാരുടെ ഫോണുകൾ ഭർത്താക്കന്മാർ പരിശോധിക്കുന്നത് നല്ലതാ.. “

മറുപടിയായ് അയാൾ പറഞ്ഞു:
” അതിന് നിനക്കത്ര ഭംഗിയൊന്നുമില്ലെന്ന് കല്യാണം കഴിച്ച നാള് തൊട്ട് എനിക്കറിയാവുന്നതല്ലേ…!!”

– പോളി പായമ്മൽ

Send your news and Advertisements

You may also like

error: Content is protected !!