Friday, May 1, 2026
Home » ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി
ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി

ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി

പുസ്തക പരിചയം

by Editor

പന്നിവാലു പോലെ മുടി പിന്നിയിടുന്നത് ടോട്ടോച്ചാന്‍റെ സ്വപ്നമാണ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍, നീണ്ട മുടി പിന്നിയിടുന്നത് കാണുമ്പോള്‍ അവള്‍ കൊതിയോടെ നോക്കി നില്‍ക്കും. ഒന്നാം ക്ലാസുകാരിയാണെങ്കിലും ടോട്ടോച്ചാന് നീണ്ട മുടിയുണ്ടായിരുന്നു.

ഒരു ദിവസം അമ്മ അവളുടെ മുടി രണ്ടു ഭാഗത്തായി പിന്നിക്കൊടുത്തു. ചെറിയ തലയില്‍ കുഞ്ഞു പന്നി വാലുകള്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ സന്തോഷമായി. അവള്‍ തല ഉയര്‍ത്തിപ്പിടിച്ചു. തീവണ്ടിയില്‍ കയറുമ്പോള്‍ പന്നിവാലുകള്‍ക്ക് കോട്ടം തട്ടാതിരിക്കാനായി അവള്‍ തല അനക്കമില്ലാതെ പിടിച്ചു. ”ഹായ് മനോഹരമായിരിക്കുന്നല്ലോ” അങ്ങനെയൊരുവാക്ക് തീവണ്ടിയില്‍ നിന്ന് ആരെങ്കിലും പറയുമെന്ന പ്രതീക്ഷയില്‍ അവളിരുന്നു. പക്ഷെ ആരും അവളെ ശ്രദ്ധിച്ചതു കൂടിയില്ല..[ടോട്ടോച്ചാന്‍ – ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി]

ബാല്യത്തിന്‍റെ നിറം പകര്‍ന്ന ഓര്‍മ്മകള്‍ നേഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട എഴുത്തുകാരി തത്സുകോ കുറോയാനഗി അഥവ ടോട്ടോച്ചാന്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി. ബാല്യത്തിന്റെ കൗതുകങ്ങളിലും, കലഹങ്ങളിലും, കരച്ചിലുകളിലും കുട്ടികളിലെ സ്വാഭാവീകതയും തന്മയത്തവും ആവോളം ഉമ്മവെയ്ക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും വായിച്ചാല്‍ ഏറെ ഇഷ്ടം തോന്നുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അലങ്കാരങ്ങളുടെ ആര്‍ഭാടമില്ലാതെയാണ് രചന എന്നതും ഈ പുസ്തകത്തെ വിത്യസ്തമാക്കുന്നു.

കുസൃതിക്കുടുക്കയായിരുന്ന ടോട്ടോ-ചാന് ഒരിക്കലും അവളുടെ കുസൃതികള്‍ അടക്കിനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. ക്ളാസില്‍ ടീച്ചര്‍ക്ക് പഠിപ്പിക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ അവളുടെ കുറുമ്പുകള്‍ വളര്‍ന്നു. അവസാനം ടീച്ചറുടെ നിര്‍ദേശപ്രകാരം അവളെ മറ്റൊരു സ്‌കൂളില്‍ പ്രവേശനത്തിന് സാധ്യത തേടി അവളുടെ അമ്മ എത്തിചേര്‍ന്നത് റ്റോമോ എന്ന സ്‌കൂളിലായിരുന്നു. അവള്‍ പഠിച്ചിരുന്ന സ്‌കൂളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റ്റോമോ. ഗേറ്റിനു പകരം രണ്ടു മരങ്ങളും ട്രെയിനിന്റെ ബോഗികള്‍ പോലെയള്ള ക്ലാസ് മുറികളുമുള്ള വേറിട്ട ഒരു ലോകം. കാടും കളിസ്ഥലങ്ങളും പോരാത്തതിനൊരു നീന്തല്‍ കുളവും.സ്‌കൂളില്‍ ആകെയുള്ളതോ അന്‍പതു കുട്ടികള്‍ മാത്രവും. കുട്ടികളെ സ്നേഹിക്കാനും അവരെ മനസ്സിലാക്കാനും അറിയാവുന്ന വ്യക്തിയായിരുന്നു കൊബായാഷി എന്ന അവിടത്തെ ഹെഡ്മാസ്റ്റര്‍. കുട്ടികളുടെ ആത്യന്തികമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ നടപ്പിലാക്കിയിരുന്നു. ടോമോ സ്കൂളില്‍ കുട്ടികള്‍ക്ക് സിലബസ് ഇല്ല, യുണിഫോം ഇല്ല, ഉച്ച ഭക്ഷണത്തിന് കടലില്‍ നിന്നും മലയില്‍ നിന്നും ഒരു വിഭവം ഉണ്ടാവണം. ഏതെങ്കിലും ഒന്നില്ലെങ്കില്‍ മാസ്റ്റര്‍ വിളമ്പും. ബിരുദങ്ങള്‍ ഉണ്ടെങ്കിലെ ടോമോയില്‍ അദ്ധ്യാപകന്‍ ആകാന്‍ കഴിയു എന്നില്ല, കൃഷി പഠിപ്പിക്കാന്‍ കൃഷിക്കാരനെ കൊണ്ട് വരും മാസ്റ്റര്‍. കുട്ടികളെ പാടത്ത് കൊണ്ട് പോയി ഞാറു നടുന്നത് എങ്ങനെ എന്ന് കാണിച്ച് കൊടുക്കുകയും അവരെ കൃഷിക്കാരായി പാടത്ത് ഇറക്കുകയും ചെയ്യും.

കൊബയാക്ഷി മാസ്റ്റര്‍ക്ക് പ്രിയങ്കരിയായിരുന്നു ടോട്ടോച്ചാന്‍ അവളെ കേട്ടിരിക്കാന്‍ ഒട്ടും മടുപ്പു തോന്നത്തൊരാള്‍. അവളെ മനസ്സിലാക്കാനും അവളുടെ വിശേഷങ്ങള്‍ കേട്ടറിയുവാനും ആളുണ്ടെന്ന ബോധം അവളെ കൂടുതല്‍ ഉന്മേഷവതിയും ഉത്സാഹഭരിതയുമാക്കി. ‘ടോട്ടോ, ഇനി നീ ഈ സ്കൂളിലെ കുട്ടിയാണ്’ എന്ന മാസ്റ്ററുടെ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതമാകാന്‍ വേണ്ടി കൊച്ചു ടോട്ടോ കാത്തിരിക്കുമായിരുന്നു അവളുടെ പ്രിയപ്പെട്ട സ്കൂളിലെത്താന്‍. ആ സ്കൂളിലെ കായിക ദിനം വ്യത്യസ്തമാണ്. ഓട്ടവും ചാട്ടവും ഒന്നുമില്ല. മീനിന്റെ വായില്‍ കൂടെ കയറി വാലില്‍ കൂടി പുറത്ത് വരണം. എത്ര നിസ്സാരം എന്ന് ചിന്തിക്കണ്ട, കാരണം ഉള്ളില്‍ ഇരുട്ടാണ്‌, മിക്ക കുട്ടികളും വായില്‍ കൂടെ കയറി വായില്‍ കൂടെ തന്നെ പുറത്ത് വരും. വിജയികള്‍ക്ക് ട്രോഫി ഒന്നുമല്ല സമ്മാനം. നല്ല പച്ചക്കറികള്‍ കൊടുക്കും. വീട്ടില്‍ കൊണ്ട് പോയി സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയതാണെന്ന് പറഞ്ഞ് അമ്മയെ ഏല്‍പ്പിക്കാന്‍ പറയും മാസ്റ്റര്‍. പോളിയോ ബാധിച്ച കുട്ടികള്‍ ഉണ്ട്, വടം വലിയില്‍ അവര്‍ ആയിരിക്കും മേല്‍നോട്ടക്കാര്‍. നീന്തലിന്റെ കാര്യം എടുക്കാം, നഗ്നരായി കുളത്തില്‍ ഇറങ്ങാന്‍ അവര്‍ക്ക് അനുവാദമുണ്ട്. മറ്റൊന്നിനുമല്ല, ശാരീരികമായി ആണും പെണ്ണും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞു വളരാന്‍. അങ്ങനെയങ്ങനെ നമ്മുടെ ടോട്ടോച്ചാന്‍റെ ടോമോ സ്കൂള്‍ മാന്ത്രികത ഒളിപ്പിച്ചു വയ്ക്കാത്ത ഒരു അത്ഭുത ലോകമാായിരുന്നു.

അധ്യാപനം അഭിരുചിയായി എടുത്തവരും ജീവിതത്തിന്‍റെ വളവുതിരിവുകളില്‍ കറങ്ങിത്തിരിഞ്ഞ് അധ്യാപകരായി തീര്‍ന്നവരുമുണ്ട്. ജീവിതോപാധി മാത്രമായി അധ്യാപനത്തെ എടുക്കുന്നവര്‍ കടന്ന് വരുമ്പോളാണ് പൊതുവിദ്യാഭ്യാസത്തില്‍ നിലവാരത്തകര്‍ച്ചയുണ്ടാകുകയും അധ്യാപകന്‍ കേവലം കൂലിത്തൊഴിലുകാരനാവുകയും ചെയ്യുന്നത്. സ്വഭാവ രൂപവത്കരണത്തില്‍ അധ്യാപകന്‍റെ പങ്ക് വലുതാണ്. മൂല്യബോധമുള്ള, ആത്മവിശ്വാസമുള്ള പൗരന്മാരായി തലമുറ മാറണമെങ്കില്‍ സാമൂഹ്യബോധമുള്ള അധ്യാപകര്‍ കലാലയങ്ങളിലുണ്ടാകണം. വിവരം അറിവും അറിവ് ജ്ഞാനവും ആയി മാറുമ്പോഴേ അധ്യാപനം പൂര്‍ണമാകൂ. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചിന്തിയ്ക്കാനുള്ള ഒരുവന്റെ കഴിവിനും (സ്വാതന്ത്ര്യത്തിനും) ഒക്കെയുള്ള വലിയ ഒരു തടയാണു ഇപ്പോഴത്തേ വിദ്യാഭാസ രീതി. അച്ചടിച്ച കട്ടി ക്കടലാസിലെ ബിരുദങ്ങള്‍ ആണു വ്യക്തിയുടെ വില നിശ്ചയിയ്കുന്നത് എന്ന രീതി വരെ എത്തിപെട്ട് നില്‍കുന്ന ഈ കാലഘട്ടത്തിലാണ് ടോട്ടോച്ചാന്‍റേയും ടോമോ സ്കൂളിന്‍റേയും അവളുടെ പ്രിയപ്പെട്ട കൊബായക്ഷി മാസ്റ്ററുടെയും പ്രസക്തി.

പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അധ്യാപകര്‍ ആ വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുകയും തുടര്‍ന്ന് വിവാദമാകുകയും നമ്മുടെ വിദ്യാഭ്യാസ രീതികളും അധ്യാപകരുടെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളും ചര്‍ച്ച ആകുകയും ചെയ്ത ഈ സമയത്ത് ഓരോ അധ്യാപകനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം

പുസ്തകം – ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി
എഴുത്ത് – തെത്സുകോ കുറോയാനഗി
വിവര്‍ത്തനം – അന്‍വര്‍ അലി
പ്രസാധനം – നാഷണല്‍ ബുക്ക് ട്രസ്റ്റ്
കുറിപ്പ് തയ്യാറാക്കിയത് – ജോയിഷ് ജോസ് (9656935433)

Send your news and Advertisements

You may also like

error: Content is protected !!