ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ സംഭവ സ്ഥലത്തു നിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക എടുത്താണ് ഇയാൾ നഴ്സിന്റെ കഴുത്തിന് പിന്നിൽ കുത്തിയത്. സംഭവത്തിന് കാരണമായി പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല.
വധശ്രമവും മൂർച്ചയുള്ള ആയുധം പൊതുസ്ഥലത്ത് കൈവശം വെച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് യുവാവിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. കേസ് ഫെബ്രുവരി 18ന് കോടതി പരിഗണിക്കും.