Monday, May 25, 2026
Home » റോസ്ഗർ മേളയുടെ ഭാഗമായി 51,000 ത്തിലധികം യുവാക്കൾക്ക് നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്‌തു.
റോസ്ഗർ മേളയുടെ ഭാഗമായി 51,000 ത്തിലധികം യുവാക്കൾക്ക് നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്‌തു.

റോസ്ഗർ മേളയുടെ ഭാഗമായി 51,000 ത്തിലധികം യുവാക്കൾക്ക് നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്‌തു.

by Editor

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയായ ‘റോസ്ഗർ മേള’യുടെ 19-ാം പതിപ്പിലൂടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം ഈ വിതരണോദ്ഘാടനം നിർവ്വഹിച്ചത്. റെയിൽവേ, ആഭ്യന്തരം, ആരോഗ്യം, കുടുംബക്ഷേമം, ഉന്നത വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് ഈ നിയമനങ്ങൾ നടന്നിരിക്കുന്നത്.

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും ഈ നിയമനങ്ങൾ ആ യാത്രയ്ക്ക് കരുത്തുപകരുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അർദ്ധചാലകം (Semiconductors), എ.ഐ (Artificial Intelligence), ഗ്രീൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കുന്ന കരാറുകൾ ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായും സുതാര്യവും യോഗ്യതയധിഷ്ഠിതവുമായ രീതിയിലാണ് നിയമന പ്രക്രിയകൾ പൂർത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

രാജ്യത്തുടനീളമുള്ള 47 കേന്ദ്രങ്ങളിൽ ഒരേസമയമാണ് ഈ റോസ്ഗർ മേള സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും വിവിധയിടങ്ങളിൽ നേരിട്ട് പങ്കെടുത്തു. റോസ്ഗർ മേള ആരംഭിച്ചതിനുശേഷം ഇതുവരെ നടന്ന 18 പതിപ്പുകളിലായി ഏകദേശം 12 ലക്ഷത്തോളം യുവാക്കൾക്ക് കേന്ദ്ര ഗവൺമെന്റ് ജോലി നൽകിക്കഴിഞ്ഞു. 2023 ഒക്ടോബർ 22-ന് പ്രധാനമന്ത്രി തുടക്കം കുറിച്ച റോസ്‌ഗാർ മേള പരമ്പരയിലൂടെ സർക്കാർ ജോലികളിലെ നിയമനം വർദ്ധിച്ചതായും റിക്രൂട്ട്മെന്റ്റ് സംവിധാനത്തിൽ കൂടുതൽ സുതാര്യത വന്നതായും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കൃത്യമായ സമയപരിധിക്കുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കുന്ന രീതി വർദ്ധിച്ചതായും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാണ് ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ ഈ മാതൃക ഉൾക്കൊണ്ട് ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളും സ്വന്തം നിലയിൽ തൊഴിൽമേളകൾ സംഘടിപ്പിച്ച് 5.5 ലക്ഷം മുതൽ 6 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

‘റോസ്ഗർ മേള’ (Rozgar Mela) എന്നാൽ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്കായി നടത്തുന്ന ദേശീയ തൊഴിൽ മേളയാണ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കൾക്ക് സർക്കാർ മേഖലയിൽ വേഗത്തിൽ ജോലി ഉറപ്പാക്കാനുമായി 2022 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. സാധാരണയായി മാസങ്ങളോ വർഷങ്ങളോ നീളുന്ന സർക്കാർ നിയമന പ്രക്രിയകൾ വേഗത്തിലാക്കുക, ലക്ഷക്കണക്കിന് യുവാക്കൾക്ക് ഒരേസമയം നിയമന ഉത്തരവുകൾ നൽകി തൊഴിൽ സുരക്ഷ ഉറപ്പാക്കുക, അഴിമതിയില്ലാത്തതും യോഗ്യതയ്ക്ക് മാത്രം മുൻഗണന നൽകുന്നതുമായ നിയമന രീതി നടപ്പിലാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ.

Send your news and Advertisements

You may also like

error: Content is protected !!