മനുഷ്യർ മനുഷ്യരോട് കാട്ടുന്ന അനീതിയിലും അക്രമങ്ങളിലും ചൂഷണങ്ങളിലും വിവേചനം കൂടാതെ മന:പ്രയാസമനുഭവിക്കാനും അതിനെ കഴിയും വിധം എതിർക്കാനും പഠിച്ചത് എംടിയെ വായിച്ചും ആ സിനിമകൾ കണ്ടുമാണ്. എല്ലാവരും കുറ്റപ്പെടുത്തുന്ന ഒരാളിൽ വല്ല നന്മയും ശരിയും ഉണ്ടാവില്ലേ എന്നൊരു ചിന്ത എം ടി എന്നിൽ വളർത്തിയെടുത്തിട്ടുണ്ട്. വടക്കൻപാട്ടുകൾ നാട്ടിക്കണ്ടങ്ങളിൽ പാടിയ നാട്ടുമ്പുറത്തമ്മമാർ ആവർത്തിച്ചുറപ്പിച്ചതാണ് ചതിയൻ ചന്തു എന്നത്. ഒരു കഥാപാത്രത്തെ ആ പഴിയിൽ നിന്ന് മോചിപ്പിക്കാൻ എം ടി അയാളുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു. പൊതുവേ ആളുകളുടെ ആരാധന വിജയിക്കുന്നവരോടാണ്. അതു കൊണ്ട് ഉണ്ടാക്കിയ കഥകളിലെല്ലാം ആരോമൽ ചേകവർ വീരനായി. ആ വീരനെ ഒരരികിലേക്ക് മാറ്റി നിർത്തി എംടി പഴി കേട്ട മനുഷ്യനെ നമ്മുടെ കൺവെട്ടത്ത് കൊണ്ടു നിർത്തി. അയാളുടെ അന്ത: സംഘർഷങ്ങൾ നമ്മളെ ബോധ്യപ്പെടുത്തി. മകനെ കൊന്ന മഹാപാപി എന്ന ആക്ഷേപത്തിൽ നിന്നും പെരുന്തച്ചനെ രക്ഷിച്ചെടുക്കാൻ ഈ എഴുത്തുകാരൻ ശ്രമിച്ചതും ഇത് പോലെയാണ്.
എന്നാൽ ഭീമൻ്റെ കാര്യത്തിൽ ഇതല്ല സംഭവിച്ചത്. വ്യാസ ഭാരതത്തിലും അയാൾ കരുത്തനും പരാക്രമിയും വിജയിച്ചയാളുമാണല്ലോ. എന്നാൽ ഈ പുറം കാഴ്ച്ചയിൽ നിന്ന് വ്യത്യസ്തനായി വേദനിക്കുകയും ഒറ്റപ്പെടുകയും സംഘർഷമനുഭവിക്കുകയും ചെയ്യുന്ന മാനവികതയിലേക്ക് എംടി അയാളെ പരിഭാഷപ്പെടുത്തി. വൈശാലിയിലാകട്ടെ ആവശ്യത്തിന് ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന കറിവേപ്പിലകളാവേണ്ടി വരുന്ന ഒരു അമ്മയുടെയും മകളുടെയും ഒപ്പം ചേരുകയാണ് എംടി. അധികാരത്തിൻ്റെ ഇടനാഴിയിൽ നടക്കുന്ന സ്വാർത്ഥതയും ഉപജാപങ്ങളും ചേർന്ന് നീതി ലഭിക്കേണ്ടവരെ ചതിക്കുന്ന ആ കഥയിൽ എംടി നടത്തുന്ന ഭരണകൂട വിമർശനം അത്യുജ്ജ്വലമാണ്.
പറയാതെ പറയുന്ന ആ എംടി ശൈലിയുണ്ടല്ലോ – സംഭാഷണങ്ങളെ കാവ്യാത്മകമാക്കുന്ന എംടിയെൻ മാജിക്ക് ! അതിന് മുന്നിൽ എന്നും കോരിത്തരിച്ച് നിന്നിട്ടുണ്ട് ഞാൻ. എഴുത്തിൽ അതിനെ പിന്തുടരാനൊന്നും പലപ്പോഴും എനിക്ക് കഴിയാറില്ല. എന്തൊക്കെയോ വിളിച്ച് പറയാനുള്ള വ്യഗ്രതയിൽ, എനിക്ക് ഉള്ള കാവ്യാത്മകത കൂടി കൈ വിട്ടുപോവുകയാണ് പതിവ്. എന്നാലും, എഴുതുന്നതിലും പറയുന്നതിലുമൊക്കെ നേരിട്ടല്ലാതെ എന്തെങ്കിലും ചിലത് ധ്വനിക്കണം എന്ന മോഹമുണ്ടാക്കിത്തന്നത് എംടിയാണ്.
തമാശയുടെ സന്ദർഭങ്ങൾ അത്യപൂർവമാണ് എം ടി യുടെ ലോകത്ത്. വല്ലതും ഉണ്ടെങ്കിൽ അവ മിക്കപ്പോഴും ഗുരുതരവുമാണ്. ആ ചിരിക്കായ്ക ഒരിക്കലും ഒരു ജാടയായിരുന്നില്ല. സ്വന്തം സംഘർഷങ്ങൾക്ക് പുറമേ, ലോകത്തെയും ജീവിതത്തെയും മനുഷ്യനേയും പ്രകൃതിയേയും കുറിച്ച് ആധി പൂണ്ട് നടക്കുന്നവർക്ക് ഉള്ളു തുറന്ന് ചിരിക്കാൻ കഴിയുന്നതെങ്ങനെ?
തമാശ കേട്ട് ചിരിക്കാൻ ഇഷ്ടമാണെങ്കിലും എന്തും ഏതും തമാശയായി കാണാൻ എനിക്കും കഴിയാറില്ല. ഉൾക്കനമുള്ള ഒരു മനുഷ്യനും കഴിയില്ല ചിരിയെ ഒരു അടിസ്ഥാന ഭാവമായി എടുത്തണിയാൻ. മാധവിക്കുട്ടിയൊക്കെ എപ്പോഴും പറയും, ആ വാസൂനോട് പറ ഒന്ന് ചിരിക്കാൻ. ഉജ്ജ്വല എഴുത്തുകാരിയാണെങ്കിലും പല കാര്യങ്ങളോടുമുള്ള സമീപനത്തിൽ എംടിയോടുള്ള ആദരവ് മാധവിക്കുട്ടിയോട് തോന്നിയിട്ടില്ല.
മറ്റെന്തിലുമുപരി, സ്വന്തം അനുഭവങ്ങളും ഓർമ്മകളുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന ചിന്താഗതി എന്നിൽ ഊട്ടിയുറപ്പിച്ചതും എംടിയാണ്. അനുഭവം എത്ര ചെറുതായാലും ഇനി ദുരനുഭവമായാൽ പോലും അത് നമ്മുടേതാണ് എന്നൊരു മമത നമുക്കതിനോടുണ്ട്. ഞാൻ കുട്ടികൾക്ക് വേണ്ടി എഴുതിയ ആറാം കുന്ന് എന്ന നോവൽ എൻ്റെ ആലക്കാട്ടേ ബാല്യസ്മൃതിയിൽ നിന്ന് പിറന്നതാണ്. 29ാം വയസ്സിലാണ് അതെഴുതുന്നത്. എംടിയെ ഒരു പാട് വായിച്ചതിൻ്റെ ഒരു അദൃശ്യനിഴൽ ആ നോവലിൽ വീണു കിടപ്പുണ്ട് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എഴുപതുകൾക്കൊടുവിൽ ഒരു വലിയ തറവാട്ടിലെ കൂട്ടുകുടുംബജീവിതം ആസ്വദിച്ചു വളരുന്ന ആ പാച്ചു കൂടല്ലൂർക്കഥകളിലെ വാസുവിൻ്റെ ഏറ്റവും ഇളയ അനുജനായിട്ട് വരും. അതിലെ വണ്ണാത്തിപ്പാറു എന്ന സ്നേഹമുള്ള യക്ഷിയെ രൂപപ്പെടുത്തുമ്പോൾ എൻ്റെ മനസ്സിൽ തീർച്ചയായും എംടിയുടെ ചെറിയ ചെറിയ ഭൂകമ്പങ്ങളിലെ കുഞ്ഞാത്തോൽ ഉണ്ടായിരുന്നു. ഈ കഥയാണ് എംടി എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയാക്കിയത്. പണ്ടും ഞാൻ യക്ഷികളെ പേടിച്ചിരുന്നില്ല. അവരോട് ഇഷ്ടം കൂടാൻ ഭൂകമ്പക്കഥ കാരണമായി. ആ ഇഷ്ടം വണ്ണാത്തിപ്പാറുവിനോടും തോന്നി. അങ്ങനെയാണ് ആറാം കുന്നിലെ യക്ഷിക്കഥ ഒടുവിൽ കുട്ടികളെ പേടിപ്പിക്കാത്തതായി മാറിയത്.
എനിക്ക് ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് അവാർഡ് നേടിത്തന്ന ഗോൽക്കൊണ്ട എന്ന നോവലിൽ (പുസ്തകമാകണമത്രേ) എൻ്റെ ആത്മാംശമുള്ള കഥാപാത്രത്തിന് ഞാൻ നൽകിയ പേര് ജിനചന്ദ്രൻ വെള്ളാനോട് എന്നാണ്. നഖക്ഷതങ്ങളിൽ വിനീതിൻ്റെ പേര് രാമചന്ദ്രൻ വെള്ളാനോട് എന്നാണല്ലോ. അതിലെ പ്രണയത്തിന് പശ്ചാത്തലം ഭാരതപ്പുഴയാണ്. അങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞത് എംടി തന്ന സുകൃതം – അല്ലാതെന്ത് പറയാൻ.
1990 – 96 കാലയളവിൽ ഞാൻ തൃശൂർ അങ്കണം ക്യാമ്പുകളിൽ പതിവായി പോകാറുണ്ടായിരുന്നു. അങ്കണത്തിൻ്റെ ഷംസുക്കയ്ക്ക് എംടിയുടെ ഒരു അകന്ന മുഖച്ഛായയുണ്ട്. ഒരു ക്യാമ്പിൽ എംടി വന്നു. ഒരു മണിക്കൂറുള്ള സെഷനാണ്. എംടി അരമണിക്കൂറേ സംസാരിച്ചുള്ളൂ. എന്നാൽ അത് പത്ത് മണിക്കൂർ സംസാരിക്കുന്നതിനേക്കാൾ സമൃദ്ധമായിരുന്നു – “നിങ്ങൾ കഥ പറഞ്ഞാൽ മതി, അർത്ഥം വായനക്കാർ കണ്ടെത്തിക്കൊള്ളും. നല്ല വായനക്കാർ എല്ലാം മനസ്സിലാക്കാൻ കഴിവുള്ളവരാണ്. അവർ തന്നേക്കാൾ ചെറുതാണെന്ന് വിചാരിക്കുന്ന എഴുത്തുകാർക്ക് വളരാൻ കഴിയില്ല.” – ഇന്നും ഉള്ളിൽ മുഴങ്ങുന്നുണ്ട് ആ വാക്കുകൾ. “എന്നിലെ എഴുത്തുകാരൻ എത്രയോ ചെറുതാണ്, എന്നിലെ വായനക്കാരന് മുന്നിൽ” എന്ന് എപ്പോഴും വിനയാന്വിതനാകാറുള്ള എംടി. ഈപി രാജഗോപാലൻ മാഷിൻ്റെ വായനക്കാരൻ എംടി എന്ന പുസ്തകം ആ വായനാവിസ്മയം വെളിപ്പെടുത്തിയിട്ടുണ്ട്.
വായനയാണ് ഏറ്റവും വലിയ മൂലധനം എന്ന് പഠിപ്പിച്ച പ്രിയ കാഥികാ, നന്ദി. അങ്ങയുടെ നൂറിലൊന്ന് വായന പോലും ഇല്ലെങ്കിലും ഉള്ള ഈ വായന സമ്മാനിച്ച അങ്ങയുടെ എല്ലാ കഥകൾക്കും നോവലുകൾക്കും ഓർമ്മക്കുറിപ്പുകൾക്കും വായിക്കാൻ കിട്ടിയ പ്രസംഗങ്ങൾക്കും സിനിമകൾക്കും ഗോപുരനടയിൽ എന്ന ഒരേ ഒരു നാടകത്തിനും നന്ദി. അതു വായിച്ചാണ് കഥാകാരനാവാൻ പുറപ്പെട്ട എനിക്ക് നാടകകൃത്താവാൻ തോന്നിയത്.
തനിക്കറിയുന്ന നിളയെ മഹാസമുദ്രത്തോളം വളർത്തി മലയാളത്തിൻ്റെ ശാശ്വതനദിയാക്കുകയായിരുന്നു എംടി. ആ പ്രവാഹം എന്നെ സംബന്ധിച്ച് ഒരു നിത്യപ്രചോദനം തന്നെ.
പ്രകാശൻ കരിവെള്ളൂർ