കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് മാതൃഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഒരു മലയാളം അധ്യാപകനാണ് ഞാൻ. എം ടി യുടെ എഴുതിയ ആ ചെറുവാക്യങ്ങളിൽ എത്ര അനായാസമായാണ് മലയാളം നമ്മുടെ വൈകാരികാവേഗമായി മിടിക്കുന്നത്!
എൻ്റെ ഭാഷ എൻ്റെ വീടാണ്,
എൻ്റെ ആകാശമാണ്,
ഞാൻ കാണുന്ന നക്ഷത്രമാണ്,
എന്നെ തഴുകുന്ന കാറ്റാണ്,
എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്,
എൻ്റെ അമ്മയുടെ
തലോടലും ശാസനയുമാണ്.
എൻ്റെ ഭാഷ ഞാൻ തന്നെയാണ്.
ഏത് നാട്ടിലെത്തിയാലും
ഞാൻ സ്വപ്നം കാണുന്നത്
എൻ്റെ ഭാഷയിലാണ്.
എൻ്റെ ഭാഷ ഞാൻ തന്നെയാണ്.
എം ടി എഴുതിയ ഈ കവിതയ്ക്ക് “ഞാനെന്ന ഭാഷ” എന്ന് പേരിടാം.
എഴുതിയ ഞാൻ എംടിയാണ്, വായിച്ച ഞാൻ ഞാനാണ്. കേട്ട നീയും ഞാനാണ്. നമ്മെ അദ്വൈതമായി അന്വയിക്കുന്ന ഈ മാന്ത്രികതയാണ് മലയാളഭാഷയ്ക്ക് മാത്രം ലഭിച്ച എംടിയെൻ വിസ്മയം.
ഭാഷ വീടാണ് എന്ന പ്രയോഗത്തിൽ നിന്ന് ഞാനിതുവരെയായി ജീവിച്ച വീടുകളെല്ലാം ഓർമ്മയിൽ നിറയുന്നു. മൂന്നാം ക്ളാസുവരെ കളിച്ചു ചിരിച്ചു പഠിച്ച് വളർന്ന ആലക്കാട്ടേ അമ്മ വീട്, അവധിക്കാലങ്ങളിൽ തെയ്യവും സിനിമയുമായി ആഘോഷിച്ച കുട്ടമത്തെ അച്ഛൻ വീട്, ബാല്യ കൗമാര യൗവ്വനങ്ങൾക്ക് വാതിലുകളും വാതായനങ്ങളും സമ്മാനിച്ച കരിവെള്ളൂർ വയൽക്കരയിലെ വീട്, കടബാധ്യത കൊണ്ട് വന്ന ബേങ്ക് ജപ്തി ഒഴിവാക്കാൻ ആ വീട് വിറ്റ് പിന്നീട് ആറേഴ് മാസം നിൽക്കേണ്ടി വന്ന വാടക വീട്, ആ കാലയളവിനുള്ളിൽ വിറ്റ വീടിനടുത്തു തന്നെ ചെറിയ സ്ഥലം വാങ്ങിക്കെട്ടിയ പുതിയ വീട്, ഇടയ്ക്ക് മൂന്ന് നാല് വർഷം താമസിച്ച അന്നൂരേ ഭാര്യവീട്, പിന്നീട് ഞാനും വിനീതയും സ്വന്തമായി വാങ്ങിയ ഇപ്പോഴത്തെ വീട്.
ഇവിടങ്ങളിലൊക്കെ ഞാൻ ചിന്തിച്ചതും പറഞ്ഞതും പ്രവർത്തിച്ചതും മലയാളത്തിലാണ്. ഓരോ വീടും സ്മൃതിയിൽ ഒരായിരം അനുഭവങ്ങളായി തുളുമ്പുന്നു. എം ടി പറഞ്ഞത് കൂടല്ലൂരെ അദ്ദേഹത്തിൻ്റെ വീട് മാത്രമല്ല, ഓരോ മലയാളിയുടെയും വീടോർമ്മയാണ്, തെരുവിൽ കഴിയുന്നവർക്ക് ആ തെരുവാണ് വീട്. ഭാഷ എന്ന ഗാർഹികാനുഭവം ആരിലുമുണർത്താൻ കെൽപ്പുള്ള കൽപ്പനയാണ് എൻ്റെ ഭാഷ എൻ്റെ വീടാണ് എന്നത്. My language is my home എന്ന് ലോക ഭാഷയിലേക്ക് വിവർത്തനം ചെയ്താലും ആ ആശയം പകരുന്ന കാവ്യാനുഭവം നഷ്ടമാകില്ലെന്നുറപ്പ്.
വീടില്ലാത്തവർക്ക് തലചായ്ക്കാനുള്ള മണ്ണ് തന്നെ വീട്. ഈ മണ്ണിൽ നിന്ന് ആ വിണ്ണിലേക്കുള്ള നോട്ടമാണ് ഭൂമിയിലെവിടെയും കണ്ണുള്ള ഏതൊരാളുടെയും സാമാന്യാനുഭവം.
ഭാഷ എൻ്റെ ആകാശമാണ് എന്ന എംടിയൻ ദർശനത്തിൽ എന്തെല്ലാം മുഴക്കങ്ങളാണ്! മണ്ണിന് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും മഴവില്ലിനെയും കാണിച്ചു തരുന്ന ആകാശം. മഴയും മഞ്ഞും വെയിലും നിലാവും പകരുന്ന ആകാശം.
ആകാശം നോക്കി വിസ്മയം പൂണ്ട ബാല്യ നിനവുകൾ വീണ്ടും പൂക്കുകയാണെന്നിൽ. മുരിങ്ങാച്ചോട്ടിലിരുന്ന് ചെറുകാടും കൂടല്ലൂരിൽ നിന്ന് എംടിയും തലയോലപ്പറമ്പിൽ നിന്ന് ബഷീറും അന്നൂരിൽ നിന്ന് സിവി ബാലകൃഷ്ണനും മയ്യഴിയിൽ നിന്ന് മുകുന്ദനും പാലക്കാട്ടു നിന്ന് ഓ വി വിജയനും കണ്ട ആകാശത്തിൻ്റെ ഒരു തെല്ല് എന്നെയും കാണിച്ചൂ എൻ്റെ മലയാളം.
ഭാരതീയ സാഹിത്യ വ്യാഖ്യാനങ്ങളിൽ ഏറെ വാഴ്ത്തപ്പെട്ട ഒന്നാണ് മണ്ണിനെയും വിണ്ണിനെയും കൂട്ടിയിണക്കുന്ന കാളിദാസവീക്ഷണം. അത്രത്തോളം ഭാഷ വീടും ആകാശവുമാണെന്ന എംടിയെൻ ദർശനം.
ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളം എന്ന പരാമർശത്തിൽ പുറം കൊണ്ട് ശമിക്കേണ്ട ഉള്ളിൻ്റെ അവസ്ഥയാണ് വെളിവാക്കപ്പെടുന്നത്. ദാഹിക്കുമ്പോൾ കുടിക്കുന്ന വെള്ളത്തിൻ്റെ കുളിര് അനുഭവപ്പെടുത്താൻ ഈ വരിക്ക് കഴിയുന്നു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ വഴിയരികിലെ വീടുകളിൽ നിന്ന് വാങ്ങിക്കുടിച്ച വെള്ളത്തിൻ്റെ കുളിര്
എൻ്റെ ബാല്യത്തിൻ്റെയും സ്മൃതികൾക്ക് കൂട്ടായി വരുന്നു.
വെള്ളം വെള്ളം പോലെ ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കുന്നത് ചെറുപ്പത്തിൽ ഞാൻ സ്വപ്നം കണ്ടിരുന്നു.
അതിൻ്റെ ഭാഷ മലയാളമായിരുന്നെന്ന് എംടിയുടെ ഈ വാക്കുകൾക്ക് ശേഷം ഞാൻ ആഹ്ളാദത്തോടെ തിരിച്ചറിഞ്ഞു. ഞാൻ എൻ്റെ ഭാഷ തന്നെയാണ് – ആത്മബോധം എത്രത്തോളം ഭാഷാധിഷ്ഠിതമാണെന്ന് ഈ വരി നമ്മളെ ഓർമ്മിപ്പിക്കുന്നു.
മലയാളം എൻ്റെ വികാരമായിതിന് എൻ്റെ അമ്മയും അച്ഛനും ആലക്കാടും കരിവെള്ളൂരും ആലക്കാട്ട് സരസ്വതി വിലാസം സ്കൂളും കരിവെള്ളൂർ മാന്യ ഗുരു സ്കൂളും എത്രത്തോളം കാരണമായിട്ടുണ്ടോ അത്രത്തോളം കാരണമായിട്ടുണ്ട് എം ടി.
തുടരും…
പ്രകാശൻ കരിവെള്ളൂർ