ലോസ് ആഞ്ജലിസ് കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഒസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനം ഇന്നലെ (വ്യാഴാഴ്ച) നടന്നു. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്ക് ഓസ്‍കർ നാമനിർദ്ദേശമുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് നാമനിർദ്ദേശം. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം. ലോസ് ഏഞ്ചൻസിലെ ഡോള്‍ബി തിയറ്ററിലായിരിക്കും അവാര്‍ഡ് ദാനം.
24 വിഭാഗങ്ങളിലെ നോമിനേഷനാണ് ലോസ് അഞ്ജലീസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അധികൃതര്‍ പുറത്തുവിട്ടത്. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. മികച്ച സിനിമ, നടി എന്നിവയടക്കം പത്ത് നോമിനേഷന്‍ ലഭിച്ച അമേരിക്കന്‍ ഫാന്റസി ചിത്രം വിക്ഡ് രണ്ടാം സ്ഥാനത്തുമുണ്ട്.
പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു. ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്‍ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്‍ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.
ഇന്ത്യയുടെ നോമിനിയായ അനൂജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജ പറയുന്നത്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുനീത് മോങ്കയും പ്രിയങ്ക ചോപ്രയുമടക്കം പത്ത് പേരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.