Thursday, April 30, 2026
Home » സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡോ. ബി. അശോക്
സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡോ. ബി. അശോക്

സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡോ. ബി. അശോക്

by Editor

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ സർക്കാർ അച്ചടക്ക നടപടിയെടുത്ത സാഹചര്യത്തിൽ സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിലൂടെ ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും, ഇത് നാണംകെട്ട പരാജയത്തിന്റെ ബാക്കിയാണെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ നടപടിയെന്ന് ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ ഓർഡറിൽ നടപടിയുടെ കാരണം വ്യക്തമല്ല. അതിനാൽ കോടതിയിൽ പോകാൻ ഉദ്ദേശമില്ല. സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ വരുമ്പോൾ ശരിയായിക്കോളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിർത്തതാണ് സസ്പെൻഷൻ നടപടി. സർക്കാരിന് സ്തുതി പാടാൻ നിൽക്കാനാവില്ല. ഐ എ എസ് അസോസിയേഷൻ നൽകിയ അഞ്ച് കേസിലും സർക്കാർ പരാജയപ്പെട്ടിരുന്നുവെന്ന് ബി അശോക് പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് പെരുമാറുന്നതെന്നും ബി ആശോക് ആരോപിച്ചു. ധനവകുപ്പിനെ പോലും മറികടന്ന് ക്യാബിനറ്റ് പദവി ദുരുപയോഗിച്ച് ഇടപെടൽ നടത്തുകയാണെന്നും ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമായി എബ്രഹാം മാറിയെന്നും ബി. അശോക് കുറ്റപ്പെടുത്തി. ഇല്ലാത്ത പദവി സൃഷ്ടിച്ചാണ് കെഎം എബ്രഹാമിനെ സർക്കാർ അധികാരത്തിൽ ഇരുത്തിയത്. ചീഫ് സെക്രട്ടറിയെ പോലും ഭരിക്കുന്ന സ്ഥിതി വന്നു. ഉദ്യോഗസ്ഥ തലത്തിൽ അധികാരത്തിന്റെ പുതിയ തലം ഉണ്ടാക്കി. സിവിൽ സർവ്വീസ് ഏകോപനം വലിയ തോതിൽ താളം തെറ്റി . ട്രിബ്യൂണൽ വിധിയോട് പോലും ധിക്കാരപരമായ സമീപനം. ചട്ടവിരുദ്ധ നടപടികളും നിയമനങ്ങളും ധാരാളം ഉണ്ട്. അതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർഭരണം ഉറപ്പാക്കാൻ ആറ് മാസമായി ഉദ്യാഗസ്ഥ കോക്കസ് സജീവമാണ്. ഐഎഎ സ് ഉദ്യോസ്ഥരടങ്ങിയ കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാനാണെന്ന് ബി അശോക് ആരോപിച്ചു. കടമെടുത്ത കിഫ്ബി ഫണ്ട് പി ആറിനായി ഉപയോഗിച്ചെന്നും ബി അശോക് തുറന്നടിച്ചു. 130 കോടിയുടെ പിആർ ജോലി നടത്തുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ 75 കോടിയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‌കിഫ്ബി നേരായ ദിശയിലല്ല പോകുന്നതെന്നും ഫണ്ട് ക്രമക്കേടുകൾ യാഥാർഥ്യമാണെന്നും ബി അശോക് പറഞ്ഞു.

ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്‌ടിക്കുകയാണ് സർക്കാരെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാഴ്ത്തുപാട്ടുകളെ ആസ്വദിക്കുകയാണ്. സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരെ അടിമകളായി കാണുകയാണെന്ന് ബി അശോക് ആരോപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!