ക്രെംലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ 90 മിനിറ്റിലധികം നീണ്ട ഫോൺ സംഭാഷണം. ഇറാൻ, യുക്രെയ്ൻ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെന്ന് ക്രെംലിൻ അറിയിച്ചു. ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്നും ക്രെംലിൻ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു.
മെയ് 9-ലെ റഷ്യയുടെ വിജയദിന ആഘോഷങ്ങളോടനുബന്ധിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പുട്ടിൻ നിർദ്ദേശിച്ചതായും ഇതിനോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ വിഷയം വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുക്രെയ്ൻ ഭരണകൂടം യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന കാര്യത്തിൽ ഇരു നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ക്രെംലിൻ അവകാശപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് റഷ്യ വിജയദിനം ആഘോഷിക്കുന്നത്. യുക്രെയ്ൻറെ പ്രത്യാക്രമണ ഭീഷണിയുള്ളതിനാൽ ഇത്തവണത്തെ വിജയദിന പരേഡ് നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടക്കുകയെന്ന് ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ചർച്ചകൾക്ക് അവസരം നൽകുന്ന ഈ നീക്കം മേഖലയിലെ സാഹചര്യം സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ക്രെംലിൻ അറിയിച്ചു. ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ അത് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ ദോഷമുണ്ടാക്കുമെന്ന് പുട്ടിൻ പറഞ്ഞു. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുട്ടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും ക്രെംലിൻ അറിയിച്ചു.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെ ട്രംപിന് നേരെയുണ്ടായ വെടിവെപ്പിനെ പുട്ടിൻ അപലപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ഊർജ്ജ സഹകരണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്ന് യുഎഇ പിന്മാറി

