ബഹാവൽപൂർ: പാക്കിസ്ഥാനിലെ ബഹാവൽപൂരിൽ വെച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൽമാൻ അസ്ഹർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട സൽമാൻ അസ്ഹർ. ബഹാവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന് സമീപം വെച്ചുണ്ടായ ദുരൂഹമായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്. സൽമാൻ അസ്ഹർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അജ്ഞാത വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ പാക്കിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല എന്നത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ബോധപൂർവ്വം ആസൂത്രണം ചെയ്ത വധശിക്ഷയാണോ ഇതെന്ന് സംശയിക്കുന്ന തരത്തിലാണ് നിലവിലെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അസ്ഹറിന്റെ മരണത്തെക്കുറിച്ച് സംഘടന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഘടനയുടെ സുരക്ഷിത കേന്ദ്രമെന്ന് കരുതപ്പെടുന്ന ഇവിടെ വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ജെയ്‌ഷെ ക്യാമ്പുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ ഇന്ത്യ തിരയുന്ന ഭീകരർ തുടർച്ചയായി കൊല്ലപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ വാർത്തയും വരുന്നത്.

