Thursday, April 30, 2026
Home » എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു: കേരളം യുഡിഎഫിനൊപ്പം; അസമിലും ബംഗാളിലും ബിജെപി, തമിഴ്‌നാട്ടിൽ ഡിഎംകെ.
എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു: കേരളം യുഡിഎഫിനൊപ്പം; അസമിലും ബംഗാളിലും ബിജെപി, തമിഴ്‌നാട്ടിൽ ഡിഎംകെ.

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു: കേരളം യുഡിഎഫിനൊപ്പം; അസമിലും ബംഗാളിലും ബിജെപി, തമിഴ്‌നാട്ടിൽ ഡിഎംകെ.

by Editor

ന്യൂഡൽഹി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികളുടെ സർവേകൾ പ്രകാരം കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനും (UDF), അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബിജെപിക്കും, തമിഴ്‌നാട്ടിൽ ഡിഎംകെ (DMK) സഖ്യത്തിനുമാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്.

കേരളം (ആകെ സീറ്റുകൾ: 140, ഭൂരിപക്ഷത്തിന് വേണ്ടത്: 71)
ഇടതു കോട്ടകൾ തകർത്ത് യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നാണ് സർവേ ഫലങ്ങൾ. മിക്ക ഏജൻസികളും യുഡിഎഫിന് 70 ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചന പ്രകാരം കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം കൈവരിച്ച് 78 മുതൽ 90 വരെ സീറ്റുകൾ നേടാനാകുമെന്ന് സൂചനയുണ്ട്. എൽഡിഎഫ് 49 മുതൽ 62 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് വിലയിരുത്തുന്നു. ന്യൂസ് 18, ടൈംസ് എന്നിവയുടെ എക്സ‌ിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചിക്കുന്നു.

ടൈംസ് നൗ – ജെ വി സി
യു ഡി എഫ് = 72-84 ; എൽ ഡി എഫ് 52-61; എൻ ഡി എ = 3-7
മാട്രിസ്
യു ഡി എഫ് = 70-75 ; എൽ ഡി എഫ് 60-65; എൻ ഡി എ = 3-5
ആക്സിസ് മൈ ഇന്ത്യ
യു ഡി എഫ് = 78-90 ; എൽ ഡി എഫ് 49-62; എൻ ഡി എ = 0-3
പീപ്പിൾ പൾസ്‌
യു ഡി എഫ് = 75-85 ; എൽ ഡി എഫ് 55-65; എൻ ഡി എ = 0-3
സി എൻ എൻ – വോട്ട് വൈബ്
യു ഡി എഫ് = 70-80 ; എൽ ഡി എഫ് 58-68; എൻ ഡി എ = 0-4
ചാണക്യ
യു ഡി എഫ് = 72-80 ; എൽ ഡി എഫ് 58-64; എൻ ഡി എ = 1-3

പശ്ചിമ ബംഗാൾ (ആകെ സീറ്റുകൾ: 294)
ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അപേക്ഷിച്ച് ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്രവിജയം നേടുമെന്നുമാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്.

ബംഗാൾ രാഷ്ട്രീയത്തിൽ ദീർഘകാലം അപ്രമാദിത്വം പുലർത്തിയിരുന്ന തൃണമൂൽ കോൺഗ്രസിന് ഈ തവണ ബിജെപി കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പി-മാർക്ക് പ്രവചനം. ബിജെപി 150 മുതൽ 175 വരെ സീറ്റുകൾ നേടി ആദ്യമായി അധികാരത്തിലെത്താനിടയുണ്ടെന്നും വിലയിരുത്തുന്നു. തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളിലേക്ക് ചുരുങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.

മാട്രിസിന്റെ പ്രവചന പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകൾ ലഭിക്കാമെന്നും കേവല ഭൂരിപക്ഷത്തിനാവശ്യമായ 148 സീറ്റുകളുടെ പരിധി അതുവഴി മറികടക്കാമെന്നും വിലയിരുത്തുന്നു. എന്നാൽ പീപ്പിൾസ് പൾസ് (People’s Pulse) തൃണമൂൽ കോൺഗ്രസ് തന്നെ ജയിക്കുമെന്ന് (177-187 സീറ്റുകൾ) പ്രവചിക്കുന്നു

തമിഴ്‌നാട് (ആകെ സീറ്റുകൾ: 234)
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് റിപ്പബ്ലിക്കും മാട്രിസും പ്രവചിക്കുന്നു. 125 മുതൽ 145 സീറ്റുകൾ വരെ ഡിഎംകെ നേടിയേക്കാം. കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ 26 സീറ്റുകൾ വരെ നേടി നിർണായക ശക്തിയാകുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു. നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) 98 മുതൽ 120 വരെ സീറ്റുകൾ നേടി ശക്തമായ മുന്നേറ്റം നടത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നുണ്ട്.

അസം (ആകെ സീറ്റുകൾ: 126)
അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്ന് സർവേകൾ വ്യക്തമാക്കുന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനപ്രകാരം ബിജെപി സഖ്യം 100 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തും. കോൺഗ്രസ് സഖ്യം 30 ഓളം സീറ്റുകളിൽ ഒതുങ്ങും. ബിജെപി (NDA) 85 മുതൽ 101 വരെ സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ സർവേ പ്രവചിക്കുന്നു

പുതുച്ചേരിയിൽ 42 ശതമാനം ആളുകളുടെ പിന്തുണയുള്ള എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 16 മുതൽ 20 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

രാജ്യം കാത്തിരിക്കുന്ന ജനവിധി മെയ് നാലിന് അറിയാം. എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിനും ബിജെപിക്കും വലിയ ആവേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് എല്ലാ സംസ്ഥാനങ്ങളിലെയും എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.

Send your news and Advertisements

You may also like

error: Content is protected !!