Wednesday, April 29, 2026
Home » പ്രതിരോധ ചിലവിൽ അമേരിക്ക ഒന്നാമത്, തൊട്ടു പിന്നിൽ ചൈന; ഇന്ത്യ അഞ്ചാം സ്ഥാനത്ത്.
പ്രതിരോധ ചിലവിൽ അമേരിക്ക ഒന്നാമത്, തൊട്ടു പിന്നിൽ ചൈന; ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

പ്രതിരോധ ചിലവിൽ അമേരിക്ക ഒന്നാമത്, തൊട്ടു പിന്നിൽ ചൈന; ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

by Editor

സ്റ്റോക്ഹോം: പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് (92.1 ബില്യൺ ഡോളർ). സ്വീഡനിലെ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിരോധ ചിലവ് 9,210 കോടി ഡോളറായി (8.67 ലക്ഷം കോടി രൂപ) വർദ്ധിച്ചിട്ടുണ്ട്. സൈനികാവശ്യങ്ങൾക്കായി 2025 ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ചൈന, റഷ്യ, ജർമനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് നാല് സ്ഥാനത്തുള്ളത്.

2025 ൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 8.9 ശതമാനം വർധിച്ചു. 2025 ൽ ലോക രാജ്യങ്ങളുടെ ആകെ പ്രതിരോധ ബജറ്റ് 2.887 ലക്ഷം കോടി ഡോളറിൽ (271.75 ലക്ഷം കോടി രൂപ) എത്തി. തുടർച്ചയായ 11-ാം വർഷമാണ് ആഗോള സൈനികച്ചെലവിൽ വർധനയുണ്ടാകുന്നത്. ഈ തുകയുടെ 58 ശതമാനവും ആദ്യ നാല് സ്ഥാനങ്ങളിലുള്ള അമേരിക്ക (954 ബില്യൺ ഡോളർ), ചൈന (336 ബില്യൺ ഡോളർ), റഷ്യ (190 ബില്യൺ ഡോളർ), ജർമനി ( 114 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളുടേതാണ്.

കഴിഞ്ഞ വർഷം മെയിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മേഖലയിലെ സൈനിക ചിലവ് വർധിപ്പിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ്റെ സൈനിക ചിലവ് 11 ശതമാനം വർധിച്ച് 1190 കോടി ഡോളറായി (1.19 ലക്ഷം കോടി രൂപ). ചൈനയിൽ നിന്നുള്ള പുതിയ ആയുധ കരാറുകളും പാക്കിസ്ഥാൻ്റെ ചെലവ് കൂടാനിടയാക്കി.

ആഗോള തലത്തിൽ നോക്കിയാൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ 2.5 ശതമാനമാണ് രാജ്യങ്ങൾ സൈനികാവശ്യങ്ങൾക്കായി ചെലവിട്ടത്. 2024 ൽ ഇത് 2.4 ശതമാനമായിരുന്നു. യൂറോപ്പിന്റെ സൈനിക ചിലവിൽ 14 ശതമാനമാണ് വർധന. ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, അമേരിക്കയുടെ ബജറ്റ് തുക 7.5 ശതമാനം കുറഞ്ഞു. തൊട്ടു മുൻപത്തെ മൂന്ന് വർഷങ്ങളിൽ യുക്രെയ്ന് നൽകിയിരുന്ന സൈനിക സഹായം നിർത്തലാക്കിയതാണ് ഇതിന് കാരണമെന്നാണ് സിപ്രിയുടെ വിലയിരുത്തൽ. ചൈനയുടേത് 7.4 ശതമാനം വർധിക്കുകയും ചെയ്തു.

യുക്രെയ്ൻ-റഷ്യ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക ചിലവ് 14% വർദ്ധിച്ച് 864 ബില്യൺ ഡോളറിൽ എത്തി. യൂറോപ്പിലെ 29 നാറ്റോ അംഗരാജ്യങ്ങൾ ചേർന്ന് 559 ബില്യൺ ഡോളർ ചിലവഴിച്ചു. ഇതിൽ 22 രാജ്യങ്ങൾ തങ്ങളുടെ ജിഡിപിയുടെ (GDP) 2 ശതമാനത്തിലധികം പ്രതിരോധത്തിനായി നീക്കിവെച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ജർമ്മനിയാണ്. 24% വർദ്ധനവോടെ 114 ബില്യൺ ഡോളറാണ് ജർമ്മനിയുടെ ചിലവ്. 1990-ന് ശേഷം ആദ്യമായാണ് ജർമ്മനി ജിഡിപിയുടെ 2% എന്ന പരിധി മറികടക്കുന്നത്. പ്രതിരോധ ബജറ്റിൽ വൻ വർദ്ധനവ് വരുത്തിയ മറ്റൊരു രാജ്യമാണ് സ്പെയിൻ. 50% വർദ്ധനവോടെ 40.2 ബില്യൺ ഡോളർ ചിലവഴിച്ചു.

ലോകത്തിലെ ആകെ ആണവായുധങ്ങളുടെ എണ്ണം 12,121 ആണെന്നും ആണവശക്തികൾ തങ്ങളുടെ ആയുധശേഖരം ആധുനികവൽക്കരിക്കുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Send your news and Advertisements

You may also like

error: Content is protected !!