Friday, May 1, 2026
Home » വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശികളായ സഹോദരിമാർ കടലിൽ മരിച്ച നിലയിൽ
വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശികളായ സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശികളായ സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

by Editor

തിരുവനന്തപുരം: കന്യാകുമാരിയിൽ വിനോദസഞ്ചാരത്തിനായെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ് (35) മീര ഫിലിപ്(32) എന്നിവരെയാണ് വ്യാഴാഴ്‌ച കടലിൽ കണ്ടെത്തിയത്. കാണാതായ സഹോദരിമാർക്കായി കന്യാകുമാരി പൊലീസ് വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

അമേരിക്കയിൽ ജോലി ചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാൽ ഏപ്രിൽ 26 മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. കന്യാകുമാരിയിലെ ഒരു ലോഡ്‌ജിലാണ് ഇരുവരും താമസിച്ചിരുന്നത്.

മുറിയിൽ നിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനാൽ ലോഡ്‌ജ് ജീവനക്കാർ ഇവർ നൽകിയ നമ്പറിൽ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൂണ്ടവളവ് പ്രദേശത്ത് പൊലീസിനൊടൊപ്പം എത്തി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയിലേക്ക് കൊണ്ടുവന്നത്.

മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആനി ഫിലിപ്പ് അമേരിക്കയിൽ എക്‌സറേ ടെക്‌നീഷ്യനാണ്. മീര ഫിലിപ് എൻജിനീയറും. ലണ്ടനിൽ താമസക്കാരിയായ എലിസബത്ത് ഫിലിപ് സഹോദരിയാണ്.

Send your news and Advertisements

You may also like

error: Content is protected !!