Thursday, June 11, 2026
Home » കരിമരുന്ന് – നിർമ്മാണം, കലാപ്രകടനങ്ങൾ – ജീവൻ വച്ചുള്ള കളി വേണോ?
കരിമരുന്ന് - നിർമ്മാണം, കലാപ്രകടനങ്ങൾ - ജീവൻ വച്ചുള്ള കളി വേണോ?

കരിമരുന്ന് – നിർമ്മാണം, കലാപ്രകടനങ്ങൾ – ജീവൻ വച്ചുള്ള കളി വേണോ?

by Editor

ഉത്സവങ്ങൾ എന്നും സന്തോഷം പകരുന്നവയാണ്. പക്ഷെ അത് കൂടുതൽ വർണ്ണാഭമാക്കാൻ ഈ കൊടും ചൂടിൽ വെടിക്കെട്ടും ആന എഴുന്നള്ളത്തും ആവശ്യമുണ്ടോ? ഓരോ ദിവസവും ചൂട് കൂടുകയാണെന്ന് കാലാവസ്ഥാ പ്രവചനം. ഈ പൊള്ളുന്ന ചൂടിൽ സ്വാഭാവികമായും വെടിമരുന്നിനു തീ പിടിക്കാം. അടുത്തടുത്തായുള്ള അഞ്ചു വെട്ടിക്കെട്ട് പുരകൾ നിമിഷം കൊണ്ടാണ് കത്തി ചാമ്പലായത്. സംഭവിക്കാൻ പോകുന്ന മഹാ ദുരന്തത്തെ കുറിച്ച് ഒന്നുമറിയാതെ അവിടെ ജീവൻ പണയം വെച്ച് ജോലി ചെയ്ത് കൊണ്ടിരുന്നത് വെറും സാധാരണക്കാരായ മനുഷ്യരാണ്. കുറച്ചു പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞത് ആശ്വാസമെങ്കിലും ചിന്നിച്ചിതറിപ്പോയ മറ്റുള്ളവരെക്കുറിച്ചോർക്കുമ്പോൾ ഈ തീക്കളി ഇനിയെങ്കിലും നിരോധിക്കണം എന്നേ പറയാനുള്ളൂ. മനുഷ്യരുടെ ജീവൻ വെച്ചു കളിക്കുന്ന ഈ ആകാശവിസ്മയം ഉത്സവത്തിന് വേണമെന്ന് ഒരു നിർബന്ധവുമില്ല. അത് ഇല്ലാത്തതിന്റെ പേരിൽ ഒരു ദേവനോ ദേവിയോ പ്രസാദിക്കാതെ പോകില്ല.

മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഒരു പോലെ താങ്ങാൻ പറ്റാത്ത അസഹ്യമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഒരു ആനയെ എഴുന്നള്ളിച്ചു വെയിലിൽ എത്ര മണിക്കൂർ നിർത്താൻ കഴിയും? ഇടയ്ക്ക് അവ ഒന്ന് ഇടഞ്ഞാൽ കുറ്റം പറയേണ്ടത് മനുഷ്യനെ തന്നെയാണ്. അത് കൊണ്ട് ഇനിയെങ്കിലും ഇത്തരം അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് ഉത്സവങ്ങൾ നടത്തുക. മനുഷ്യരെ സംരക്ഷിക്കുന്നത് ദൈവം ആണെന്ന് പൊതുവെ വിശ്വസിക്കുമ്പോൾ ആ ദൈവം മനുഷ്യരുടെ ജീവൻ പണയപ്പെടുത്തി ഇത്തരം ആർഭാടങ്ങൾക്കായി ഒരിക്കലും ആഗ്രഹിക്കില്ല. ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം വിലപിക്കാതെ വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുക.

പി.സീമ

Send your news and Advertisements

You may also like

error: Content is protected !!