Wednesday, June 10, 2026
Home » ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടി; നാവിക ഉപരോധം തുടരും: ഡൊണാൾഡ് ട്രംപ്
ട്രംപ്

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടി; നാവിക ഉപരോധം തുടരും: ഡൊണാൾഡ് ട്രംപ്

by Editor

വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് (ഏപ്രിൽ 22) അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് നീട്ടിയത്. എന്നാൽ ഇറാന് മേലുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ സർക്കാർ നിലവിൽ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് അറിയിച്ചു.

അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഒരു നിർദ്ദേശം സമർപ്പിക്കുന്നത് വരെ സമയം അനുവദിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇറാന്റെ ഭരണകൂടത്തിനുള്ളിലെ ഭിന്നതകൾ കാരണമാണ് അവർക്ക് ഒരു ഏകീകൃത തീരുമാനത്തിൽ എത്താൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കിയുള്ള അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരും. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തും വ്യാപാരവും പൂർണ്ണമായും തടയാനാണ് അമേരിക്കയുടെ നീക്കം.

അതേസമയം, സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്ര റദ്ദാക്കിയിരുന്നു. സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ വ്യക്തമായ മറുപടി നൽകാത്തതും അമേരിക്കയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാത്തതുമാണ് യാത്ര നീട്ടിവെക്കാൻ കാരണമായത്. വൈസ് പ്രസിഡന്റ് വാൻസ് ഇപ്പോൾ വാഷിംഗ്ടണിൽ തന്നെ തുടരുകയാണ്. വൈറ്റ് ഹൗസിൽ ഇതുമായി ബന്ധപ്പെട്ട ഉന്നതതല നയതന്ത്ര ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇറാൻ അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ വാൻസിന്റെ യാത്ര ഏത് നിമിഷവും പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!