Wednesday, April 22, 2026
Home » തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു; പത്തു പേർ ഐസിയുവിൽ
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു; പത്തു പേർ ഐസിയുവിൽ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു; പത്തു പേർ ഐസിയുവിൽ

by Editor
Send your news and Advertisements

തൃശൂർ: തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തെങ്കിലും അതിൽ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കൃത്യമായ കണക്കുകൾ അറിയാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രതീകരിച്ചു. എത്രത്തോളം ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും മുപ്പതിനും നാൽപ്പതിനുമിടയിൽ ആളുകൾ ഉണ്ടെന്നാണ് ഏകദേശ വിവരങ്ങൾ.

പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ പൊള്ളലേറ്റും, പരിക്കേറ്റും എത്തിച്ചിട്ടുള്ള എല്ലാവര്‍ക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമാകുന്നു എന്നുള്ളത് ഉറപ്പാക്കിയിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ പതിമൂന്ന് പേരെയാണ് പരുക്കേറ്റ് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ പത്ത് പേര്‍ ഐസിയുവിലാണ് ഉള്ളത്. അഞ്ച് പേരുടെ പരുക്ക് അധികം ഗുരുതരമല്ല. എന്നാല്‍ അവര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ചികിത്സ ആവശ്യമായിട്ടുള്ളവരാണ്. മറ്റ് അഞ്ചു പേ തീവ്രമായി പൊള്ളലേറ്റവരും നല്ല പരിക്കുള്ളവരുമാണ്. അതില്‍ തന്നെ രണ്ടുപേര്‍ വെന്റിലേറ്ററിലാണ് – മന്ത്രി വിശദീകരിച്ചു.

സ്ഫോടനത്തിൽ വിശദമായ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ട‌ർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണ ചുമതല. അപകടത്തിന്റെ കാരണവും അതിൻ്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനു 50 ലക്ഷം രൂപ തൃശൂർ കലക്ടർക്ക് സർക്കാർ അനുവദിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിദാരുണമായസംഭവമാണ് തൃശൂരിൽ നടന്നിരിക്കുന്നത്. കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ദുരന്തസമയത്ത് കോടിക്കണക്കിന് വരുന്ന ജനങ്ങളൊന്നാകെ ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 3:30 നാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പിന്നീട് രണ്ട് മണിക്കൂറോളം തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയും ആയിരുന്നു. തീ അണച്ചെങ്കിലും സ്ഥലത്ത് നിന്ന് വൻതോതിൽ ഇപ്പോഴും പുക ഉയരുന്നുണ്ട്. കൂടാതെ പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നു. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിൻ്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഈ മാസം 24 ന് നടക്കേണ്ട തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്ഫോടന ശബ്ദം കേട്ടതായാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ.

ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പ്രിയപ്പെട്ടവർ നഷ്‌ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി
ദാരുണമായ ജീവഹാനിയും നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

You may also like

error: Content is protected !!