Thursday, June 11, 2026
Home » ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്; തീരദേശങ്ങളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു.
ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്; തീരദേശങ്ങളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു.

ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്; തീരദേശങ്ങളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു.

by Editor

ടോക്കിയോ: ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:22-ഓടെയാണ് സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. സാൻറിക്കു തീരത്തുനിന്ന് 100 കിലോമീറ്റർ മാറിയാണ് ഇതിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ പസഫിക് തീരങ്ങളിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകുകയും തീരദേശവാസികളോട് എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്‌തു. മിയാക്കോ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഇതിനോടകം ആദ്യഘട്ട സുനാമി തിരമാലകൾ അടിച്ചതായാണ് റിപ്പോർട്ടുകൾ.

ഭൂചലനത്തിൽ ഇതുവരെ മരണങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. 20,000-ത്തോളം പേരുടെ ജീവനെടുത്ത 2011-ലെ മഹാഭൂകമ്പത്തിൻ്റെയും സുനാമിയുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ ഭീതിയിലാണ്. കടൽക്ഷോഭം തുടരാൻ സാധ്യതയുള്ളതിനാൽ സുനാമി ഭീഷണി പൂർണ്ണമായും ഒഴിയുന്നതുവരെ ജാഗ്രത തുടരണമെന്നും കടൽതീരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകരുതൽ എന്ന നിലയിൽ ടോക്കിയോയ്ക്കും ഷിൻ-അയോമോറിക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ (Tohoku Shinkansen) സർവീസുകൾ നിർത്തിവെച്ചു. ചില ദേശീയപാതകളും താൽക്കാലികമായി അടച്ചിട്ടുണ്ട്. സുനാമി തിരമാലകൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് മാറരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (JMA) മുന്നറിയിപ്പ് നൽകുന്നു.

ഭൂമിശാസ്ത്രപരമായി ലോകത്തെ ഏറ്റവും സജീവമായ ഭൂകമ്പ-അഗ്നിപർവ്വത മേഖലയായ ‘റിംഗ് ഓഫ് ഫയർ’-ൻ്റെ ഹൃദയഭാഗത്താണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. പസഫിക്, ഫിലിപ്പീൻ സീ, യുറേഷ്യൻ, വടക്കേ അമേരിക്കൻ എന്നീ നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ ചേരുന്ന ഇടമായതിനാൽ ജപ്പാനിൽ ഭൂചലനങ്ങൾ പതിവാണ്. ഒരു വർഷം ചെറുതും വലുതുമായി ഏകദേശം 1,500-ഓളം ഭൂകമ്പങ്ങൾ ഇവിടെ സംഭവിക്കാറുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുനാമി പ്രതിരോധ പ്രവർത്തനങ്ങളിൽ ജപ്പാൻ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

Send your news and Advertisements

You may also like

error: Content is protected !!