ബോട്സ്വാനയിലെ സ്പിരിറ്റ് എംബസിയിൽ നിന്ന് എത്യോപ്യയുടെ ഏദൻതോട്ടത്തിലേക്ക്.. ഒരു സാക്ഷ്യം
ഞങ്ങൾ..“പിങ്ക് സഹോദരികൾ” ഒരു സാധാരണ യാത്രയ്ക്കല്ല പുറപ്പെട്ടത്, മറിച്ച്, മനുഷ്യന്റെ ആദ്യ പാപത്തിന്റെ നിഴൽ ഇന്നും ശ്വസിക്കുന്ന ഒരു ഭൂമിയിലേക്കായിരുന്നു.
ആകാശത്തെ തൊടുന്ന പാറകൾക്കിടയിൽ, മനുഷ്യക്കൈകൾ തൊടാതെ തന്നെ കൊത്തിയെടുത്ത പോലെ തോന്നുന്ന വിശുദ്ധപർവ്വതം, അവിടെക്കായിരുന്നു ഞങ്ങളുടെ കാൽപ്പാട്.
ഗൈഡ് എന്നെ നോക്കി പറഞ്ഞു: “ഇത് സാഹസികരുടെ വഴിയാണ്… നിങ്ങൾക്ക് കഴിയില്ല.”
ഒരു നിമിഷം, എന്റെ പ്രായം, എന്റെ ശരീരം, എന്നെക്കാൾ മുൻപ് എന്റെ മുന്നിൽ നിന്നു.
എന്നാൽ എന്റെ കൂടെ വന്ന ചെറുപ്പക്കാർ, അവർ മലയിലേക്ക് കയറി… ആകാശത്തിലെ പള്ളിയിലേക്ക്.
അവർക്ക് ലഭിച്ച ആ ഭാഗ്യം, എന്റെ ഉള്ളിൽ ഒരു ശൂന്യതയായി കുത്തി നിന്നു.
ആ പള്ളിയുടെ പേര് അബുന യെമതാ ഗുഹ് (Abuna Yemata Guh)- പാറയുടെ ഹൃദയത്തിൽ ഒളിച്ചിരിക്കുന്ന സ്വർഗ്ഗം.
ഞാൻ പിന്നിൽ നിന്നു. പക്ഷേ… ദൈവം എന്നെ പൂർണ്ണമായും ഉപേക്ഷിച്ചില്ല.
“എത്യോപ്യൻ സുന്ദരി” ഒരു അന്യദേശ ദൂത് പോലെ, എന്നെ ഒരു വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ… മനുഷ്യന്റെ വിധി എഴുതിയിരുന്നത് കല്ലിൽ അല്ല, മരങ്ങളിൽ.
“മരങ്ങൾ ഉറച്ചില്ലെങ്കിൽ, മനുഷ്യനും ഒന്നുമല്ല…” അവരുടെ ഭാഷയിൽ എഴുതി വെച്ച സത്യം.
ആ വനം… പച്ചയല്ല ഒരു പ്രവചനമാണ്.
അവിടെ ഞാൻ കണ്ടു, മണ്ണിന്മേൽ ഇരുന്ന് പ്രാർത്ഥിക്കുന്ന ഒരു പുണ്യപുരുഷനെ.
അവൻ ലോകത്തെ വിട്ടതല്ല… ലോകം അവനെ മറന്നതാണ്.
ഒരു പിടി വറുത്ത ബാർലി, ഒരു കൈപ്പിടി ചെറുപയർ, അതായിരുന്നു അവന്റെ രാജഭോഗം.
അവിടെ ഒരു സ്ത്രീ വന്നു എന്നെ ദൈവദാസിയെ പോലെ അണിയിച്ചു. ഒരു നിമിഷം, ഞാൻ ഞാൻ അല്ലാതായി.
വനത്തിലൂടെ പോകുമ്പോൾ ഞാൻ ഒരു വൈദികനോട് ചോദിച്ചു: “ഈ കാട് ഇത്ര പ്രധാനമാകാൻ എന്താണ് കാരണം?”
അവൻ ചിരിച്ചു: “ഇത് ഒരു കാട് അല്ല… ഇത് പറുദീസയുടെ ഓർമ്മയാണ്.”
അവിടെ… മരങ്ങൾ ശ്വാസമെടുക്കുന്നത് ഓക്‌സിജൻ വേണ്ടിയല്ല, വിശ്വാസം നിലനിർത്താനാണ്.
പിന്നെ ഞാൻ അത് കണ്ടു. വിലക്കപ്പെട്ട പഴം. ഒരു മരത്തിന്റെ ചില്ലയിൽ നിശ്ശബ്ദമായി വിളിച്ചു.
“അരുത്…” അവരുടെ ഭാഷയിൽ എഴുതിയിരുന്നു.
എനിക്ക് അത് വായിക്കാൻ കഴിഞ്ഞില്ല… പക്ഷേ എന്റെ ഉള്ളിലെ Eve അത് മനസ്സിലാക്കി.
എന്റെ കൈകൾ അറിയാതെ അവിടെക്ക് നീങ്ങി.
അപ്പോൾ ഒരു മുത്തശ്ശി എന്റെ കൈ പിടിച്ചു.
ഒരു നിമിഷം ഞാൻ തിരിച്ചറിഞ്ഞു…
ഞാൻ ഇന്നും അനുസരണക്കേടിന്റെ ഹൗവ്വ തന്നെയാണോ?
എന്റെ ഉള്ളിൽ ഒരു വിറയൽ. “ദൈവമേ… മാപ്പ്.”
ആ വനം… ആ പള്ളി… ആ മനുഷ്യർ…
അവർക്കു മരങ്ങൾ ഔഷധമല്ല, ഓക്‌സിജനും അല്ല.
അവർക്കു മരങ്ങൾ ദൈവത്തിന്റെ ആദ്യ വാഗ്ദാനം.
അതുകൊണ്ട് അവർ കാട് സംരക്ഷിക്കുന്നു, ഭൂമിയെ രക്ഷിക്കാൻ അല്ല
ലീലാമ്മതോമസ്, ബോട്സ്വാന
അബുന യെമതാ ഗുഹ്: എത്യോപ്യയിലെ ടിഗ്രേ (Tigray) മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരവും സാഹസികവുമായ ഒരു പുരാതന ഗുഹാക്ഷേത്രമാണ് അബുന യെമതാ ഗുഹ് (Abuna Yemata Guh). സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,580 മീറ്റർ ഉയരത്തിലുള്ള ഒരു കുത്തനെയുള്ള പാറക്കെട്ടിന് മുകളിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിൽ ഒൻപത് വിശുദ്ധന്മാരിൽ ഒരാളായ അബൂന യെമതായാണ് ഇത് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടേക്ക് എത്തുക എന്നത് വളരെ പ്രയാസകരമാണ്. സുരക്ഷാ ഉപകരണങ്ങളില്ലാതെ തന്നെ കുത്തനെയുള്ള പാറകൾ കൈകൊണ്ടും കാൽ കൊണ്ടും പിടിച്ചു കയറി വേണം പള്ളിയിലെത്താൻ. ലോകത്തിലെ തന്നെ ഏറ്റവും എത്തിപ്പെടാൻ പ്രയാസമുള്ള പള്ളികളിലൊന്നായി ഇത് അറിയപ്പെടുന്നു. ഗുഹയ്ക്കകത്തെ ചുവരുകളിലും മേൽക്കൂരയിലും പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും കഥകൾ പറയുന്ന മനോഹരമായ ചുവർച്ചിത്രങ്ങൾ (Frescoes) ഇന്നും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നു. ഈ വരകൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെങ്കിലും ഇന്നും തിളക്കം നഷ്ടപ്പെട്ടിട്ടില്ല.
അബുന യെമതാ ഗുഹ് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ (Ethiopian Orthodox Tewahedo Church) കീഴിലുള്ള പള്ളിയാണ്. ആറാം നൂറ്റാണ്ടിൽ എത്യോപ്യയിൽ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കാൻ എത്തിയ ‘ഒൻപത് വിശുദ്ധന്മാരിൽ’ (Nine Saints) ഒരാളായ അബൂന യെമതാ (Saint Abba Yemata) ആണ് ഈ പള്ളി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് പള്ളിക്ക് ഈ പേര് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ സഭകളിൽ ഒന്നാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ. കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സഭ , സിറിയക് ഓർത്തഡോക്സ് സഭ (യാക്കോബായ) എന്നിവ ഉൾപ്പെടുന്ന ഓറിയന്റൽ ഓർത്തഡോക്സ് (Oriental Orthodox) സഭാ കുടുംബത്തിലെ അംഗമാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ.

