ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് അധികൃതർ പൂർണ്ണമായും പിൻവലിച്ചു. ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 4:53-ഓടെയാണ് ജപ്പാന്റെ വടക്കുകിഴക്കൻ തീരമായ ഇവാട്ടെ (Iwate) പ്രവിശ്യയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചുച്ചിരുന്നു.
ഭൂചലനത്തിന് പിന്നാലെ പസഫിക് തീരങ്ങളിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകുകയും തീരദേശവാസികളോട് എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഭൂചലനത്തിന് പിന്നാലെ ഇവാട്ടെയിലെ കുജി തുറമുഖത്ത് ഏകദേശം 80 സെന്റീമീറ്റർ ഉയരത്തിൽ ചെറിയ സുനാമി തിരമാലകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുന്നറിയിപ്പിനെ തുടർന്ന് തീരദേശത്തുനിന്നും ഏകദേശം 1,70,000-ത്തോളം ആളുകളോട് മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. നിലവിൽ അപകടസാധ്യത ഒഴിഞ്ഞതിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) എല്ലാ സുനാമി മുന്നറിയിപ്പുകളും ഉപദേശങ്ങളും പിൻവലിച്ചിട്ടുണ്ട്. ആണവനിലയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്നുള്ള തുടർചലനങ്ങൾക്ക് (Aftershocks) സാധ്യതയുള്ളതിനാൽ അടുത്ത കുറച്ചുദിവസങ്ങൾ കൂടി ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി ലോകത്തെ ഏറ്റവും സജീവമായ ഭൂകമ്പ-അഗ്നിപർവ്വത മേഖലയായ ‘റിംഗ് ഓഫ് ഫയർ’-ൻ്റെ ഹൃദയഭാഗത്താണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. പസഫിക്, ഫിലിപ്പീൻ സീ, യുറേഷ്യൻ, വടക്കേ അമേരിക്കൻ എന്നീ നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ ചേരുന്ന ഇടമായതിനാൽ ജപ്പാനിൽ ഭൂചലനങ്ങൾ പതിവാണ്. ഒരു വർഷം ചെറുതും വലുതുമായി ഏകദേശം 1,500-ഓളം ഭൂകമ്പങ്ങൾ ഇവിടെ സംഭവിക്കാറുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുനാമി പ്രതിരോധ പ്രവർത്തനങ്ങളിൽ ജപ്പാൻ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

