Tuesday, May 26, 2026
Home » അന്ന് ഓണമായിരുന്നു
കഥ - അന്ന് ഓണമായിരുന്നു

അന്ന് ഓണമായിരുന്നു

കഥ

by Editor

നേരം പുലരാറായിരിക്കുന്നു എരിശ്ശേയ്ക്ക് കടുകു വറുക്കുന്ന മണം വരുമ്പോൾ മാവേലി പടി കയറി വരുമെന്നാണ് തലേന്ന് മുത്തശ്ശി പറഞ്ഞത്. ഇപ്പോൾ എല്ലാ ഓണവിഭവങ്ങൾക്കും ഒപ്പം എരിശ്ശേരിയും പാകമായിട്ടുണ്ടാകും. കടുകു വറുക്കുന്ന മണം വന്ന ഉടനെ തന്നെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു കുട്ടി ജനാലയിലൂടെ പുറത്തേക്ക് നോക്കി.. ഓലക്കുടയും ചൂടി ഒരാൾ വരുന്നു.

അത്ഭുതം കൊണ്ടവളുടെ കണ്ണുകൾ വിടർന്നു. തന്നെ കണ്ടു ജനാലയ്ക്ക് അരികിലേക്ക് വരുന്ന ആ രൂപം മാവേലിയുടെതല്ല.. കുടവയറില്ല… മിന്നുന്ന ഉടുപ്പുകൾ ഇല്ല… ഓലക്കുട താഴെ വെച്ചു നനുത്ത ചാറ്റൽമഴയിൽ നിന്ന ക്ഷീണിതമായ ആ രൂപം പങ്കുമ്മാവന്റേതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ സന്തോഷത്തോടെ തുള്ളിച്ചാടി.. പൂക്കളം ഒരുക്കാനുള്ള കദളിപ്പൂക്കൾ പങ്കുമ്മാവൻ കൊണ്ടു വന്നു കാണും.

“പൂക്കൾ കൊണ്ട് വന്നോ?”
“ഉവ്വ്.. ഉമ്മറത്ത് വെച്ചിട്ടുണ്ട്… ഒരു രഹസ്യം പറയാനാ ഞാൻ ഇപ്പൊ വന്നത്. ആ ചാവടിയുടെ അരമതിലിൽ കുട്ടി ഒരു ഗ്ലാസ്‌ പായസം എടുത്തു വെച്ചേക്കണം. വീട്ടിൽ നിന്നു കിട്ടില്ല. പഞ്ചാര കൂടും എന്ന് പറഞ്ഞു മുരളിയുടെ ഭാര്യ തരില്ല. അവൻ സമ്മതിക്കുകയുമില്ല. അത് കൊണ്ട് കുട്ടി ആരും കാണാതെ പായസ മെടുത്തു വെച്ചോളൂ.. ഞാൻ വന്നോളാം എന്നിട്ട് കുട്ടിക്ക് മൂവാണ്ടൻ മാവിൽ ഒരു ഊഞ്ഞാൽ കെട്ടിത്തരാം ട്ടൊ.. പായസം കുടിക്കാൻ അത്രയ്ക്ക് കൊതിയാ.. കണ്ടു പോയാൽ കട്ട് കുടിക്കും”

അത്രയും പറഞ്ഞു നിർത്തി ആരും കാണാതെ പങ്കുമ്മാവൻ പടിയിറങ്ങുന്നത് കുട്ടി നോക്കി നിന്നു. അവൾക്കു സങ്കടം തോന്നി. പങ്കുമ്മാവൻ വല്ലാതെ ക്ഷീണിച്ചു. കൈകാലുകൾ അസ്ഥി പോലെ ശോഷിച്ചു പോയിരിക്കുന്നു.

അടുക്കളയിൽ സദ്യ ഒരുങ്ങിക്കാണും. പറമ്പിൽ പണിയെടുക്കുന്നവർക്ക് ഓരോ വലിയ കുട്ട നിറയെ വിഭവങ്ങളും ഓണക്കോടിയും കൊടുക്കുന്നത് എല്ലാ വർഷവും പതിവാണ്. കുളിച്ച് പൂക്കളം ഇട്ടു കഴിഞ്ഞു ഉച്ചയായപ്പോൾ കുട്ടി ഒരു ഗ്ലാസ്‌ പായസമെടുത്തു ചാവടിയിലേക്ക് ആരും കാണാതെ നടന്നു. അമ്മ കുട്ടകളിൽ പകർച്ച നിറയ്ക്കുന്ന തിരക്കിലാണ്. വെറുതെ ഗ്ലാസിൽ തുറന്നു വെച്ചാൽ പായസത്തിൽ ഉറുമ്പ് കയറും എന്ന ചിന്തയിൽ അവൾ അമ്മ കാണാതെ അലമാരയിൽ നിന്നും എടുത്ത അടപ്പുള്ള കുപ്പിയിൽ പായസം ഭദ്രമായി നിറച്ച് വെച്ചു. ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുന്ന നേരത്ത് പങ്കുമ്മാവൻ വരും. ആരും കാണാതെ പായസം എടുത്തു കുടിച്ചിട്ട് ഊഞ്ഞാൽ കെട്ടിത്തരും. ഊണ് കഴിഞ്ഞു ജാലകത്തിലൂടെ നോക്കി പങ്കുമ്മാവൻ വരുന്നതും കാത്ത് കുട്ടി കിടന്നു.

ഒന്ന് മയങ്ങിയുണർന്നപ്പോഴേക്കും വൈകുന്നേരമായിരുന്നു. കുട്ടി ആകാംക്ഷയോടെ ചാവടിയിലേക്ക് നടന്നു. പങ്കുമ്മാവന്റെ പായസം അവിടെ തന്നെ ഇരിക്കുന്നു. ആൾ വന്നിട്ടില്ല. പെട്ടെന്നാണ് പറമ്പിന്റെ അതിരിന് താഴെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഒരു ആൾക്കൂട്ടം കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. അവിടെ താഴേക്കു തൂങ്ങിയാടുന്ന ഒറ്റക്കയർ.. ഊഞ്ഞാലിനു ഒരു ഊഞ്ഞാൽ പടിയും ഇരുപുറത്തും ഞാന്നു കിടക്കുന്ന കയറും അല്ലെ വേണ്ടത്. പറമ്പിലേക്ക് ഓടാൻ തുടങ്ങിയ കുട്ടിയെ അമ്മ തടഞ്ഞു നിർത്തി.

“നീയിപ്പോ അങ്ങോട്ട്‌ പോകണ്ട..” അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കാക്കിയുടുപ്പിട്ട പോലീസുകാർ കയർ അഴിക്കുന്നത് അവൾ പരിഭ്രമത്തോടെ കണ്ടു. ഇടവഴിയിലൂടെ പാഞ്ഞു വന്ന ആംബുലൻസിന്റെ ശബ്ദം കുട്ടിയെ ഭയപ്പെടുത്തി.

“എന്നാലും ഒരു ഗ്ലാസ്‌ പായസം എടുത്തതിനു ഒരു മോൻ അച്ഛനോട് ഇങ്ങനെ കലഹിക്കണമായിരുന്നോ? അടുത്ത ഓണത്തിന് ആ പാവം ഉണ്ടാവുമോ എന്നാര് കണ്ടു. നേരെ ചൊവ്വേ ഒന്നും തിന്നാൻ പോലും കൊടുക്കൂല്ലായിരുന്നു എന്നാ കേട്ടത്”.

മുറ്റത്തു അടിച്ചു വാരി നിന്ന ജാനു ശബ്ദം താഴ്ത്തി പറയുന്നത് കുട്ടി കേട്ടു. ചാവടിയിൽ അടച്ചു വെച്ച പായസം എടുത്തു പുറത്തേക്ക് ഒഴിച്ചു കളയുമ്പോൾ കുട്ടി ആരും കാണാതെ തേങ്ങിക്കരഞ്ഞു. ഏറെ നേരം കഴിഞ്ഞു ചിത കത്തുന്ന ഗന്ധവുമായി വന്ന കരയുന്ന കാറ്റും മഴയും മുറ്റത്തെ കദളിപ്പൂക്കളെ നനയ്ക്കുന്നതും പൂക്കളം മായുന്നതും നോക്കി അവൾ തനിച്ചിരുന്നു. അന്ന് ഓണമായിരുന്നു എന്നു പോലും അപ്പോൾ അവൾ മറന്നു പോയിരുന്നു.

പി. സീമ

Send your news and Advertisements

You may also like

error: Content is protected !!