Thursday, April 30, 2026
Home » സിത്താർ ഇതിഹാസമായ ഉസ്താദ് വിലായത്ത് ഖാൻ
സിത്താർ ഇതിഹാസമായ ഉസ്താദ് വിലായത്ത് ഖാൻ

സിത്താർ ഇതിഹാസമായ ഉസ്താദ് വിലായത്ത് ഖാൻ

ആർ. ഗോപാലകൃഷ്ണൻ

by Editor

ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെത്തിച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്ന ഉസ്താദ് വിലായത്ത് ഖാൻ്റെ 22-ാം ഓർമ്മദിനം ഇന്ന് (മാർച്ച് 13)… സ്മരണാഞ്ജലി!

സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുകയുണ്ടായി. സിത്താർ വാദനത്തിൽ സ്വന്തമായ ശൈലി ഇദ്ദേഹം കൊണ്ടുവന്നു. സിത്താറിൽ ‘ഗായകി അങ്’ (മനുഷ്യന്റെ, വായ്പ്പാട്ടു ശബ്ദത്തെ അനുകരിക്കാനുള്ള ശ്രമം) നടത്തി വിജയിപ്പിച്ച കലാകാരനെന്ന ഖ്യാതിയുമുണ്ട്. സംഗീതരംഗത്ത് പൊതുവെ റിബൽ ആയി അറിയപ്പെടുന്ന കലാകാരനാണ് വിലായത്ത് ഖാൻ.

‘കാദംബരി’ (1976) എന്ന ഒരു ചിത്രത്തിന് മാത്രമാണ് അദ്ദേഹം സംഗീതം നൽകിയത്. ആ സിനിമയിൽ പിന്നണിഗാന രംഗത്ത് ‘പുതുശബ്ദം’ ആയി വന്ന കവിത കൃഷ്ണമൂർത്തിക്ക് അദ്ദേഹം അവസരം നൽകി, ഇത് അവരുടെ കരിയറിലെ ആദ്യ ഗാനമായിരുന്നു.

ഇപ്പോൾ ബംഗ്ലാദേശിലുള്ള ഗൗരിപൂരിലാണ് വിലായത്ത് ഖാന്റെ ജനനം. ചെറുപ്പത്തിലേ സംഗീതം പഠിച്ചുതുടങ്ങി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അപ്പൂപ്പൻ ഇംദാദ് ഹുസൈൻ ഖാനാണ്‌ ‘ഇത്താവ ഖാരാന’യുടെ (Etawah Gharana) സ്ഥാപകനായി അറിയപ്പെടുന്നത്. വിലായത്ത് ഖാന്റെ അച്ഛൻ ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാനും സിത്താർ വിദഗ്ധരായിരുന്നു. ‘സിത്താര്‍ മാന്ത്രികൻ’ ഉസ്താദ് റൈസ് ഖാന്‍റെ പിതൃസഹോദരന്‍ ആണ് വിലായത്ത്.

ഏട്ടാം വയസ്സിൽ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004-ൽ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിക്കുന്നത് വരെ നിലനിന്നു. ആറാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ 78-ആർ‌പി‌എം (RPM) ഡിസ്ക് റെക്കോർഡുചെയ്തു, 2004-ൽ 75-ാം വയസ്സിൽ അവസാന കച്ചേരി നടത്തി…. വിലയാത് ഖാൻ 65 വർഷത്തിലേറെ കാലം, സംഗീത റെക്കോർഡുകൾക്കും ഓൾ ഇന്ത്യ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്നതിനും വേണ്ടി സിത്താറിൽ അമരത്വം നേടിയ ‘സംഗീത അലകൾ’ സൃഷ്ടിക്കയും ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയ്ക്ക് പുറത്ത് സംഗീതപരിപാടിയ്ക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരിലൊരാളാണ് വിലായത്ത് ഖാൻ. 1951-ൽ അദ്ദേഹം ഇംഗ്ലണ്ടിൽ സംഗീതപരിപാടി നടത്തി. വിദേശങ്ങളിലെ സംഗീതപരിപാടികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1964-ൽ ലഭിച്ച പത്മശ്രീ ബഹുമതിയും 1968-ല്‍ ലഭിച്ച പത്മവിഭൂഷൺ ബഹുമതിയും അദ്ദേഹം നിരസിച്ചു.

1980-കളുടെ ആദ്യകാലത്തു വിലയാത് ഖാൻ എറണാകുളത്തു ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം മേളയിൽ വന്നു സിത്താർ കച്ചേരി നടത്തിയതും അദ്ദഹത്തിന്റെ പക്കാവാദ്യക്കാരന്റെ തബല വേദിയിൽ വെച്ച് പിളർന്നു പോയതുമായ ഓർമ്മകൾ എൻ്റെ സുഹൃത്തും ഗായകനുമായ പി എസ് ഹനീഫ് പങ്കുവെച്ചിട്ടുണ്ട്.

ഇദ്ദേഹം രണ്ടുതവണ വിവാഹിതനായി; വിലയത്ത് ഖാന്റെ ആദ്യ ഭാര്യ കൊൽക്കത്തയിൽ നിന്നുള്ള ജന്മം കൊണ്ട് ഹിന്ദുമായ, സാമൂഹ്യ പ്രവർത്തകയായിരുന്നു (പരേതനായ) ‘മോനിഷ ഹസ്ര’ (വിവാഹം 1958). ആദ്യ വിവാഹത്തിൽ നിന്ന് അദ്ദേഹത്തിന് മൂന്ന് മക്കളുണ്ടായിരുന്നു: യമൻ ഖാൻ, സൂഫി ഗായിക സിലാ ഖാൻ, സിത്താറിസ്റ്റ് ഷുജാത്ത് ഖാൻ (ജനനം 1960)

‘സുബൈദ’ ഖാനുമായിള്ള രണ്ടാമത്തെ വിവാഹത്തിൽ വിലയാത് ഖാന്, ഒരു മകനുണ്ടായിരുന്നു, ഹിദായത്ത് (ജനനം: 1975), ഹിദായത്ത് ഒരു പ്രൊഫഷണൽ സിത്താറിസ്റ്റ് ആണ്. 2004 മാർച്ച് 13-ന് (75-ാം വയസ്സിൽ) ഈ സിത്താർ ഇതിഹാസം, മുംബൈയിൽ വച്ച് അന്തരിച്ചു.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!