Friday, June 19, 2026
Home » സിനിമാ മാന്ത്രികൻ കുഞ്ചാക്കോ
സിനിമാ മാന്ത്രികൻ കുഞ്ചാക്കോ

സിനിമാ മാന്ത്രികൻ കുഞ്ചാക്കോ

വിനോദ്, കട്ടച്ചിറ

by Editor

കുഞ്ചാക്കോ ഇന്നില്ല. ഉദയാസ്റ്റുഡിയോയും ഓർമ്മയിലായി. കുഞ്ചാക്കോയില്ലാതെ മലയാള സിനിമ 50 വർഷം പിന്നിടുകയാണ്.

80 -ലധികം സിനിമകളാണ് ഉദയായിൽ നിർമ്മിച്ചത്. ഒരുകാലത്ത് പലരുടെയും അഭയകേന്ദ്രമായിരുന്നു ഉദയ. പാലാട്ട് കുഞ്ഞിക്കണ്ണനും ആരോമൽ ചേകവരും ഉണ്ണിയാർച്ചയും തച്ചോളി ഒതേനനുമൊക്കെ ഏതോ ലോകത്തിരുന്ന്, നെടുവീർപ്പിടുന്നുണ്ടാവാമിപ്പോൾ.

മദ്രാസിൽനിന്ന് മലയാളസിനിമയെ പാതിരപ്പള്ളിയിലെ ഉദയാസ്റ്റുഡിയോയിലേക്ക് കൊണ്ടുനട്ടത് കുഞ്ചാക്കോയുടെ ദീർഘവീക്ഷണമായിരുന്നു. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946-ലാണ് സിനിമയിലേക്ക് കടന്നുവന്നത്. ഉദയാ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനുമായി.

1949-ൽ വെള്ളിനക്ഷത്രം എന്ന സിനിമയുമായി തുടങ്ങിയ ഉദയാ സ്റ്റുഡിയോ പിന്നീട് പടർന്നു പന്തലിച്ചു. പിന്നീട് സിനിമകളുടെ ഒഴുക്കായിരുന്നു ഉദയായിലേക്ക്. 1986-ൽ “അനശ്വരഗാനങ്ങൾ” എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉദയാസ്റ്റുഡിയോക്ക് താഴ് വീണത്.

ഒരു കാലഘട്ടത്തില്‍ മലയാളിയുടെ സിനിമാഭ്രമത്തെ ആവോളം വിരുന്നൂട്ടി ഉദയാ സ്റ്റുഡിയോയും കുഞ്ചാക്കോയും. മലയാളസിനിമയുടെ ജീവനാഡിയായിരുന്നു അദ്ദേഹം. ശാരംഗപാണിയെപ്പോലുള്ള എഴുത്തുകാരുടെയും രാഗിണി, വിജയശ്രീ തുടങ്ങിയ നടിമാരുടെയുമൊക്കെ ഭാവി കരുപ്പിടിപ്പിച്ചത് കുഞ്ചാക്കോയായിരുന്നു.

മലയാളസിനിമയുടെ സ്മാരകമായി ഉദയാസ്റ്റുഡിയോ നിലനിർത്താൻ, പിന്നീടുള്ള കുഞ്ചാക്കോ തലമുറകൾക്ക് കഴിഞ്ഞതുമില്ല. ഒരുപക്ഷേ, കുഞ്ചാക്കോ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു, ഉദയാ സ്റ്റുഡിയോയുടെ വിധി.

ജൂൺ 15 കുഞ്ചാക്കോയുടെ ഓർമ്മദിനമായിരുന്നു. ഉദയായുടെ ആദ്യത്തെ വടക്കൻപാട്ട് ചിത്രമായ ഉണ്ണിയാർച്ചയിലെ നായകൻ സത്യനായിരുന്നു. സത്യൻ മരിച്ച് 5 വർഷങ്ങൾക്കുശേഷം, അതേദിവസമാണ് കുഞ്ചാക്കോയും യാത്രയായത് എന്നതും യാദൃശ്ചികം.

എന്തൊക്കെയായാലും മലയാള സിനിമ എന്നെന്നും ഉദയായോടും കുഞ്ചാക്കോയോടും കടപ്പെട്ടിരിക്കും.

വിനോദ്, കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!