Tuesday, July 14, 2026
Home » ഇടതുപക്ഷം ഒപ്പ് വെച്ച ‘പിഎം ശ്രീ പദ്ധതി’ യുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇടതുപക്ഷം ഒപ്പ് വെച്ച 'പിഎം ശ്രീ പദ്ധതി' യുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഇടതുപക്ഷം ഒപ്പ് വെച്ച ‘പിഎം ശ്രീ പദ്ധതി’ യുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

by Editor

തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാർ ‘പിഎം ശ്രീ’ (PM SHRI) പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കേന്ദ്രവുമായി ഒപ്പുവെച്ച കരാറായതിനാലും, ഇതിനോടകം കേന്ദ്രത്തിൽ നിന്നും പണം കൈപ്പറ്റിയതിനാലും ഈ പദ്ധതി തുടരാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം, പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പദ്ധതിയിൽ ഏതു സ്‌കൂളുകളെ ഉൾപ്പെടുത്തണമെന്നത് സംസ്ഥാന സർക്കാർ തീരുമാനിക്കും. ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കാതെ കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കും വിധത്തിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂ. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നാലംഗ ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പദ്ധതിയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി വിഷ്‌ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉപസമിതിയെ നിയോഗിച്ച് വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.

പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം മുൻ സർക്കാർ വാങ്ങി. ഇത് കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധിതരായെന്നും വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!