ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ആക്രമണം നടത്തി. ജമ്മുവിൽ വിമാനത്താവളത്തിന് നേരെ പാക്കിസ്ഥാൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർഗത്തിലൂടെ നിർവീര്യമാക്കി. അമ്പതിലേറെ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി വിവരം. ജനവാസ മേഖലകളാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാന്റെ ലക്ഷ്യം ജമ്മു കശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും ഉള്‍പ്പെട്ടതോടെ നാവികസേനയും വ്യോമസേനയും രംഗത്തിറങ്ങി. പാക്കിസ്ഥാന്റെ നാല് യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നിന്ന് പാക് വ്യോമസേന പൈലറ്റിനെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉദ്ദംപൂരിൽ നടന്ന പാക്കിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദിൽ പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പൂഞ്ചിലേക്ക് പാക്കിസ്ഥാൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാക്കിസ്ഥാൻ തൊടുത്തുവിട്ടത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാക്കിസ്ഥാൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു. അതിനിടയിലും അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്-400, എൽ-70, സു-23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട് ഉധംപുർ സൈനികത്താവളങ്ങളിൽ പാക്കിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു.
കര, നാവിക, വ്യോമ സേനകൾ സംയുക്തമായി ആക്രമണം നടത്തുകയാണ്. പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്ക് കടുത്ത മറുപടി നൽകാൻ സേനയ്ക്ക് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. സംഘർഷ സാഹചര്യം വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മൂന്ന് സേനകളുടെയും മേധാവിമാരും സംയുക്‌ത സൈനിക മേധാവിയും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഫോണിൽ വിളിച്ച് സ്‌ഥിതിഗതികൾ ധരിപ്പിച്ചു.
പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയിലെവിടെയും നാശനഷ്ടമുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്‌താവിച്ചു. പാക്കിസ്ഥാന്റെ ഭീഷണികളെ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു. പാക് സൈന്യം ഭീകരസംഘടയായ ഹമാസിനേപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കാൻ കൂട്ടമായി റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമിക്കുന്നത് ഹമാസിന്റെ ശൈലിയാണ്. ഇതേപോലെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. എന്നാൽ അതിനെയും ഇന്ത്യ പരാജയപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: പാക്കിസ്ഥാനിൽ ഇന്ത്യയുടെ വ്യാപക ആക്രമണം.