Thursday, June 25, 2026
Home » അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക്‌ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം

അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക്‌ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം

by Editor

ന്യൂ ഡൽഹി: എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ഡൽഹിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ എഐ479 എയര്‍ ഇന്ത്യ വിമാനമാണ് പാക്‌ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. കനത്ത വ്യോമഗതാഗത തിരക്കിനെ തുടര്‍ന്ന് ലാന്‍ഡിങ് നടപടികള്‍ മാറ്റുന്നതിനിടെ വിമാനം ഏതാനും നിമിഷങ്ങള്‍ പാക്കിസ്ഥാൻ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചെങ്കിലും, മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷിതമായി ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് മടങ്ങിയെത്തിയതായി റിപ്പോർട്ടുകൾ.

അമൃത്‌സർ വിമാനത്താവളത്തിൽ ഒരു പക്ഷി വിമാനത്തിൽ ഇടിച്ചതിനെത്തുടർന്ന് റൺവേ പരിശോധനയ്ക്കായി വിമാനത്താവള അധികൃതർ നിർദേശം നൽകിയിരുന്നു. ഈ സമയത്ത് ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തുന്ന ‘ഗോ-എറൗണ്ട്’ പ്രക്രിയയ്ക്കിടയിലാണ് വിമാനത്തിന് ദിശ തെറ്റിയത്. എയർ ട്രാഫിക് കൺട്രോളിന്റെ (ATC) നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വന്നതോടെ വിമാനം ഇടത്തോട്ട് തിരിയുകയും അന്താരാഷ്ട്ര അതിർത്തി കടന്ന് പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുകയുമായിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു.

വിമാനം ഡൽഹിയിലേക്ക് മടങ്ങി സുരക്ഷിതമായി ഇറക്കിയ ശേഷം സാങ്കേതിക പരിശോധനകൾ നടത്തി. ആവശ്യമായ അനുമതികൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും സർവീസ് പുനരാരംഭിച്ച വിമാനം ഇന്നലെ ഏകദേശം 2.20ഓടെയാണ് അമൃത്സറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇതോടെ നിശ്ചിത സമയത്തേക്കാൾ ഏകദേശം നാല് മണിക്കൂർ വൈകിയാണ് യാത്ര പൂർത്തിയായത്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും, സംഭവത്തിൻ്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!