വെനസ്വേലയിൽ ഒരു മിനിറ്റിനുള്ളിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഇരട്ട ഭൂചലനങ്ങൾ ഉണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ (USGS). കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടയിൽ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂചലനമാണിത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറ് കരീബിയൻ തീരദേശ നഗരമായ മൊറോൺ (Morón) ആണ് ഈ ദുരന്തത്തിന്റെ പ്രഭവകേന്ദ്രം.
കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങൾ ഉണ്ടായത്. കാരക്കാസിലെ അൾട്ടിമറ (Altamira) ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ വ്യാപകമായി കെട്ടിടങ്ങളും വീടുകളും തകർന്നു വീണു. പലയിടങ്ങളിലും വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടു. കാരക്കാസിലെ ചാക്കാവോ (Chacao) നഗരസഭയിൽ ചിലർ മരണപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും മേയർ ഗുസ്താവോ ഡ്യൂക് വ്യക്തമാക്കി. തകർന്നുവീണ വൻകിട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ സേനകൾ ഇവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.
വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കരീബിയൻ തീരങ്ങൾ, വിർജിൻ ദ്വീപുകൾ, അരുബ, ബോണെയർ എന്നിവിടങ്ങളിൽ സുനാമി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ തുടർചലനങ്ങൾക്ക് (Aftershocks) സാധ്യതയുള്ളതിനാൽ ജനങ്ങൾ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് പോകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ആഭ്യന്തര മന്ത്രി ഡിയോസ്‌ഡാഡോ കബെല്ലോ അഭ്യർത്ഥിച്ചു.

