രാജ്യത്തെ സന്നദ്ധ സംഘടനകളുടെ (NGOs) വിദേശ ഫണ്ടിംഗിന്മേൽ കൂടുതൽ സുതാര്യതയും കടുത്ത നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ എഫ്‌സിആർഎ (FCRA – Foreign Contribution Regulation Act) ചട്ടങ്ങൾ കർശനമാക്കി പുതുക്കി നിശ്ചയിച്ചു. വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.
വിദേശ സംഭാവനകൾ സ്വീകരിക്കാൻ അഞ്ച് നിർദ്ദിഷ്ട വിഭാഗങ്ങൾ മാത്രമായി നിശ്ചയിച്ചു. മതം, സാംസ്കാരികം, വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം എന്നിവയാണ് ഈ വിഭാഗങ്ങൾ. 5 വിഭാഗങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ 105 പ്രവര്‍ത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കിയെങ്കില്‍ മാത്രമേ വിദേശ സംഭാവനക്ക് ഇനി മുതല്‍ അനുമതി കിട്ടൂ. പൊതുവായ ലക്ഷ്യമോ പ്രവര്‍ത്തനമോ ചൂണ്ടിക്കാട്ടി ഇനി മുതല്‍ വിദേശ സംഭാവനക്ക് അനുമതി തേടാനാവില്ല.
വിദേശ ഫണ്ട് ഏത് ആവശ്യത്തിനാണോ അനുവദിച്ചത്, അതിന് മാത്രമേ തുക വിനിയോഗിക്കാൻ പാടുള്ളൂ. ഫണ്ട് എന്തിനാണ് സ്വീകരിക്കുന്നതെന്ന് സർക്കാരിനെ കൃത്യമായി ബോധ്യപ്പെടുത്തണം. വിദേശ പൗരന്മാർക്ക് എൻജിഒകളുടെ (NGO) പ്രധാന തസ്തികകളോ നേതൃസ്ഥാനങ്ങളോ വഹിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ചട്ടങ്ങൾ ലംഘിക്കുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കാനും കർശനമായ പിഴ ഈടാക്കാനും പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
മതപരമായ കാര്യങ്ങളില്‍ ആചാര സംരക്ഷണം, ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, മത ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കും. മത പരിവര്‍ത്തനത്തിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. അനുവദിച്ച പ്രവർത്തനങ്ങൾക്കല്ലാതെ എഫ്‌സിആർഎ ഫണ്ട് ഉപയോഗിച്ചാൽ, കുറഞ്ഞത് ഒരു ലക്ഷം രൂപയായിരിക്കും പിഴ. ദുരുപയോഗിക്കപ്പെട്ട തുക ഒരു ലക്ഷത്തിനു മുകളിലെങ്കിൽ 30% വരെ പിഴയായി ഈടാക്കാം. ഭരണപരമായ ചെലവുകൾ പരിധി വിട്ടാലും ലഭിച്ച തുക ഊഹക്കച്ചവടത്തിൽ നിക്ഷേപിച്ചാലും മിനിമം ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരും.
ഒറ്റത്തവണ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുൻകൂർ അനുമതി നൽകുന്നതിനും ഉപാധികൾ കടുപ്പിച്ചു. ആദ്യ ഗഡു സംഭാവനയുടെ 75 ശതമാനവും ഉപയോഗിച്ചുവെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ മാത്രമേ തുടർ ഗഡുക്കൾ നൽകൂ. . ആദ്യം സർക്കാരിനെ അറിയിച്ച പ്രവർത്തനമേഖലയിലോ തിരഞ്ഞെടുത്ത സംസ്‌ഥാനങ്ങളിലോ പിന്നീടു മാറ്റമുണ്ടായാൽ പ്രത്യേക അപേക്ഷ നൽകണം. ഇതിന് അംഗീകാരം നൽകിക്കൊണ്ട് ഗവേണിങ് ബോർഡിൻ്റെ പ്രമേയവും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാരിന് അപേക്ഷ തള്ളാനും അധികാരമുണ്ടാകും.
പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണ് സര്‍ക്കാര്‍ നടപടിയെന്ന് സൂചനയുണ്ട്. വിദേശ പണത്തിന്റെ ദുരുപയോഗം തടയുക, രാജ്യസുരക്ഷ ഉറപ്പാക്കുക, സന്നദ്ധ സംഘടനകളുടെ സാമ്പത്തിക ഇടപാടുകളിൽ പൂർണ്ണമായ കൃത്യതയും സുതാര്യതയും കൊണ്ടുവരിക എന്നിവയാണ് ഈ കർശന നടപടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

