ന്യൂ ഡൽഹി: പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഉൾപ്പെടെയാണ് ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചത്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം ‘എക്സി’ലൂടെ വ്യക്തമാക്കി. പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിടാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഹാർപ്പി ഡ്രോണുകൾ ആണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സംഘർഷം വലുതാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യ ആവർത്തിച്ചു.
പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിച്ചു. ഈ ആക്രമണങ്ങളുടെ അവശിഷ്‌ടങ്ങൾ കണ്ടെടുക്കുന്നുണ്ട് എന്ന് ഇന്ത്യൻ ആർമി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ചെറുത്തത് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ അടുത്തിടെ വാങ്ങിയ പ്രതിരോധ സംവിധാനമാണ് എസ്-400. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകര്‍ക്കാനും ഇതിന് സാധിക്കും.
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു പാക്കിസ്ഥാൻ.