Wednesday, July 22, 2026
Home » വെനസ്വേലയിലെ ഇരട്ട ഭൂചലനം; മരണം 235 ആയി; അടിയന്തിര സഹായവുമായി രാജ്യങ്ങൾ.
വെനസ്വേലയിലെ ഇരട്ട ഭൂചലനം

വെനസ്വേലയിലെ ഇരട്ട ഭൂചലനം; മരണം 235 ആയി; അടിയന്തിര സഹായവുമായി രാജ്യങ്ങൾ.

by Editor

വെനസ്വേലയിലുണ്ടായ വിനാശകരമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 235 ആയി ഉയർന്നു. ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് (Delcy Rodríguez) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 1,500-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 41,000-ലധികം ആളുകളെ കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും ശക്തമായ ഈ ഭൂകമ്പത്തെത്തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കരീബിയൻ തീരമേഖലയിൽ ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് വലിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് (Caracas), വടക്കൻ തുറമുഖ നഗരമായ ലാ ഗ്വൈറ (La Guaira) എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ നിരവധി ബഹുനില ജനവാസ കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. യു.എൻ (UN), അയൽരാജ്യങ്ങൾ എന്നിവയുടെ സഹായത്തോടെ അതിവേഗ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യു.എസ്. ജിയോളജിക്കൽ സർവേ (USGS) കണക്കാക്കുന്നത് മരണസംഖ്യ ആയിരങ്ങൾ കടന്നേക്കാമെന്നാണ്.

ഭൂകമ്പത്തിൽ 250-ലധികം ബഹുനില കെട്ടിടങ്ങൾ പൂർണ്ണമായൊ ഭാഗികമായോ തകർന്നിട്ടുണ്ട്. കടുത്ത നാശനഷ്ടം നേരിട്ട ലാ ഗ്വൈറ (La Guaira) നഗരത്തിൽ നൂറിലധികം കെട്ടിടങ്ങളാണ് തകർന്നുവീണത്. ദുരന്തബാധിത പ്രദേശങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും വൈദ്യുതി ബന്ധവും പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്. ജനങ്ങൾ വീടുകളിലേക്ക് മടങ്ങാൻ ഭയന്ന് തെരുവുകളിലും കളിസ്ഥലങ്ങളിലും താത്കാലിക ഷെൽട്ടറുകളിലുമാണ് കഴിയുന്നത്.

ദുരന്തബാധിതർക്കായി അമേരിക്ക 150 മില്യൺ ഡോളറിന്റെ (ഏകദേശം 1,250 കോടി രൂപ) അടിയന്തര സഹായം പ്രഖ്യാപിച്ചു. ഇതിൽ 50 മില്യൺ ഡോളർ നേരിട്ടും 100 മില്യൺ ഡോളർ യു.എൻ ഫണ്ട് വഴിയുമാണ് നൽകുന്നത്. വിർജീനിയ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങളെയും യു.എസ് അയച്ചിട്ടുണ്ട്. യു.എന്നിന്റെ വിവിധ ഏജൻസികളായ OCHA, UNHCR, വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവ ദുരന്തമേഖലയിൽ ഭക്ഷണവും മെഡിക്കൽ സഹായവും എത്തിക്കാൻ ആരംഭിച്ചു. അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘങ്ങളുടെ ഏകോപനവും യു.എൻ ഏറ്റെടുത്തിട്ടുണ്ട്. മെക്സിക്കോ, സ്പെയിൻ, ഇറ്റലി, ഖത്തർ, എൽ സാൽവദോർ എന്നീ രാജ്യങ്ങൾ തങ്ങളുടെ അത്യാധുനിക രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘങ്ങളെയും വെനസ്വേലയിലേക്ക് നിയോഗിച്ചു.

വെനസ്വേലയിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം; വൻ നാശനഷ്ടം; സുനാമി മുന്നറിയിപ്പ്

Send your news and Advertisements

You may also like

error: Content is protected !!