Friday, June 26, 2026
Home » കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം കാനഡ
കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം കാനഡ

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം കാനഡ

by Editor

ഒട്ടാവ: 1985-ലെ എയർ ഇന്ത്യ ‘കനിഷ്ക’ വിമാന ദുരന്തത്തിന് (Air India Flight 182) പിന്നിൽ കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഖാലിസ്ഥാൻ ഭീകരരായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷം കാനഡയുടെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസി പരസ്യമായി സമ്മതിച്ചു. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) പുറത്തുവിട്ട വാർഷിക പൊതു റിപ്പോർട്ടിലാണ് പതിറ്റാണ്ടുകളായുള്ള തങ്ങളുടെ നിലപാട് തിരുത്തി കാനഡ ഈ സുപ്രധാന വെളിപ്പെടുത്തൽ.

കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തൽ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു. മുൻകാലങ്ങളിൽ ഈ ദുരന്തത്തെ വെറും “സിഖ് തീവ്രവാദം” (Sikh Extremists) എന്ന് മാത്രം വിശേഷിപ്പിച്ചിരുന്ന കാനഡ, ഇതാദ്യമായാണ് ‘കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരർ‘ തന്നെയാണ് വിമാനത്തിൽ ബോംബ് വെച്ചതെന്ന് കൃത്യമായി പേരെടുത്ത് പരാമർശിക്കുന്നത്.

ടൊറന്റോയിൽ നിന്ന് ലണ്ടൻ വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 747 ‘എംപറർ കനിഷ്ക‘ വിമാനം അയർലൻഡ് തീരത്തിന് സമീപം അത്ലാന്റിക് മഹാസമുദ്രത്തിന് മുകളിൽ വെച്ച് ബോംബ് സ്ഫോടനത്തിലൂടെ തകർക്കപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും (ഇതിൽ 268 പേർ ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു) ദാരുണമായി കൊല്ലപ്പെട്ടു. കാനഡ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ബാബർ ഖൽസ’ എന്ന നിരോധിത ഖാലിസ്ഥാൻ ഭീകരസംഘടനയാണ് ഈ അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ബോംബ് നിർമ്മിച്ച ഇന്ദർജിത് സിംഗ് റെയാത് മാത്രമാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട ഒരേയൊരു വ്യക്തി.

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ‘ സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടന്നത്. കാനഡയുടെ ദേശീയ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ ദുരന്തം സംഭവിച്ച ജൂൺ 23നെ, ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയൻ സർക്കാർ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023-ൽ ആരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വൻ പ്രതിസന്ധിയിലായിരുന്നു. എന്നാൽ 2025 മാർച്ചിൽ മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതിവേഗം പുനഃസ്ഥാപിക്കപ്പെടുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!