മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടർന്ന് ഫിലിപ്പീൻസിലും അയൽരാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:37-ഓടെയാണ് ഈ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. മിൻഡാനാവോയിലെ സരംഗാനി (Sarangani) പ്രവിശ്യയിലെ മാസിലിമിന് (Maasim) തെക്ക് മാറിയുള്ള കടൽമേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രമുഖ തീരദേശ നഗരമായ ജനറൽ സാന്റോസിന് (General Santos City) ഏതാണ്ട് 13 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തീരപ്രദേശങ്ങളിൽ 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ചില തീരങ്ങളിൽ 1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സരംഗാനി, ഡാവോ ഒക്സിഡന്റൽ തുടങ്ങിയ തീരദേശങ്ങളിലെ ജനങ്ങളോട് ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു. ആഗോള നിരീക്ഷണ ഏജൻസികളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്തോനേഷ്യ, മലേഷ്യ എന്നീ അയൽരാജ്യങ്ങളുടെ തീരങ്ങളിലും 1 മീറ്റർ വരെ ഉയരത്തിൽ സുനാമിക്ക് സാധ്യതയുള്ളതിനാൽ അവിടുത്തെ വടക്കൻ തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജപ്പാൻ, തായ്‌വാൻ, ഗുവാം, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഭൂചലനത്തിൽ വ്യാപകമായി വൈദ്യുതി-അന്താരാഷ്ട്ര വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായി. ജനറൽ സാന്റോസ് നഗരത്തിൽ ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉൾപ്പെടുന്ന ഷോപ്പിംഗ് മാളും സ്കൂൾ കെട്ടിടവും തകർന്നുവീണതായി റിപ്പോർട്ടുകൾ ഉണ്ട്. മിൻഡനാവോ മേഖലയിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

