Friday, July 18, 2025
Mantis Partners Sydney
Home » വാത്സല്യ നദി
വാത്സല്യ നദി

വാത്സല്യ നദി

കവിത

by Editor

നദിയായൊഴുകിടും സ്നേഹാമൃതധാ-
രയാ,യച്ഛന്റെ ഹൃദയം തുടിച്ചതെന്നും!

നരജന്മസുകൃതമായ് പുഷ്പിച്ച ജീവിതം,
മക്കൾക്കു വേണ്ടിയുഴിഞ്ഞു വച്ചു!

ഇമ്പങ്ങളൊക്കെയും സ്വയം ത്യജിച്ചീടവേ,
വാതിലിനുള്ളിലെ വാത്സല്യമായ്!

ഉലയുന്ന തോണിയിൽ തീരമണയവേ,
തർപ്പണം ചെയ്യും രജനികളും!

തോളിലമരുന്ന ഭാരത്തിൻ ഭാണ്ഡങ്ങൾ,
മിഴിനീരിൽ വിരിയും സുമങ്ങളായി!

സ്നേഹദലങ്ങളാൽതണലേകിയേവർക്കും,
പടരുന്ന നൽഫല ശാഖിയായി!

കുഴയുന്ന പ്രശ്നങ്ങൾക്കുത്തരമായെന്നും,
പരിഹാരമായിടും പുണ്യജന്മം!

കാണാക്കിനാവിന്റെ വാതായനങ്ങളിൽ,
അക്ഷയദീപമാം ജ്ഞാനമായി!

നന്മവിളക്കിൻ പ്രഭയിൽ തെളിയുന്ന,
കരുതലിൻ വലയമായിന്നലെകൾ!

അമ്മയ്ക്കു തുണയായി നിഴലായിരുന്നെന്നും,
കാരുണ്യമൂർത്തിയാം കാവലാളായ്!

പഞ്ചാഗ്നി മദ്ധ്യത്തിലുരുകിയൊലിക്കിലും,
മക്കൾക്കു ശീതളത്തെന്നലായി!

അച്ഛന്നു പകരമായച്ഛനേയുളെളന്ന,
നഗ്നമാമുണ്മയിൽ ഹൃത്തടങ്ങൾ!

ആയുസ്സ് തികച്ചങ്ങു യാത്രയായീടവേ,
അമരസ്മൃതികളായരികിൽ നിൽപ്പൂ..!

 ഷൈലാ ബാബു

Send your news and Advertisements

You may also like

error: Content is protected !!