Saturday, May 30, 2026
Home » വേര്‍പെടും സ്വപ്നത്തില്‍
കവിത - വേര്‍പെടും സ്വപ്നത്തില്‍

വേര്‍പെടും സ്വപ്നത്തില്‍

കവിത

by Editor

ഒരേ ശയ്യയില്‍
ഇഴയടുപ്പത്തില്‍ കിടക്കുന്നു.
ഒരേ ഇരുട്ടില്‍.
ഉറക്കത്തില്‍.

സ്വപ്നത്തില്‍ നീയെന്നെ കാണുന്നു.
സ്വപ്നത്തില്‍ ഞാന്‍ നിന്നെ കാണുന്നു.
നിന്‍റെ സ്വപ്നത്തില്‍ കാണും എന്നെ
എന്‍റെ സ്വപ്നത്തില്‍ കാണുകയില്ല.
എന്‍റെ സ്വപ്നത്തില്‍ കാണും നിന്നെ
നിന്‍റെ സ്വപ്നത്തില്‍ കാണാനാവില്ല.

നീ കാണും സ്വപ്നം
ജീവിതം പോലെ
നിന്‍റേതു മാത്രം.

ഞാന്‍ കാണും സ്വപ്നം
അതെ, എന്‍റേതു മാത്രം.

ഒരേ ശയ്യയില്‍
നമ്മളിങ്ങനെ മരിച്ചു കിടന്നാലും
നമ്മുടെ മരണവും
എത്ര വ്യത്യസ്തമാവും.

നീ യാത്രയാകുന്ന ലോകം
നിന്‍റേതു മാത്രമാവില്ലേ?

ജീവിതം ചേര്‍ത്തു പിടിച്ച
കൈകള്‍ വേര്‍പെട്ടതാവില്ലേ?

മറവിയിലെന്ന പോലെ
നീയെവിടെയെന്ന്
ഞാനെങ്ങനെ കണ്ടെത്തും?
നീയെങ്ങനെ കണ്ടെത്തും?

അപ്പോഴും നമ്മള്‍
അവരവരുടെ സ്വപ്നത്തിലെന്നാവും.
ഉടലുകളെത്ര ഗാഢം പരസ്പരം
പുണര്‍ന്നാലും.

രാജന്‍ സി എച്ച്
Mob.9496421481

Send your news and Advertisements

You may also like

error: Content is protected !!