Home » യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്: കടലിടുക്ക് ഇറാൻ്റെ സ്വത്തല്ലെന്ന് യുഎഇ; ഹോർമുസ് തുറക്കണമെന്നു ഖത്തർ
ഹോര്‍മുസ് കടലിടുക്ക്

യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്: കടലിടുക്ക് ഇറാൻ്റെ സ്വത്തല്ലെന്ന് യുഎഇ; ഹോർമുസ് തുറക്കണമെന്നു ഖത്തർ

by Editor
Send your news and Advertisements

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിത്തുടങ്ങി. ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ മാരിടൈം ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ​ഗതാ​ഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.

ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാന്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ സൈന്യം തടയും. ചൈന ഇറാനിലേക്ക് ആയുധങ്ങൾ കൈമാറാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം കർശന നടപടി സ്വീകരിച്ചത്. അമേരിക്കയുടെ നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ‘കടൽക്കൊള്ള’ ആണെന്നും ഇറാൻ ആരോപിച്ചു.

നാവിക ഉപരോധം ഏർപ്പെടുത്തുന്നതിനായി പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ യുഎസ് വിന്യസിച്ചു. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ് അസോൾട്ട് കപ്പൽ അറബിക്കടലിൽ പ്രവർത്തനം തുടങ്ങി. എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങളും ഇതിലുണ്ട്. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഉൾപ്പെടെ ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഉപരോധം ഒരുപോലെ ബാധകമായിരിക്കുമെന്നു യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ മറ്റു തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്‌തമാക്കി.

പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്. അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.

അതേസമയം, ഹോർമൂസ് വെച്ച് വിലപേശരുതെന്ന് ഇറാനോട് ഖത്തർ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഹോർമുസ് തുറക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽത്താനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്‌ചിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് നിലപാടറിയിച്ചത്.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ബന്ധമുള്ള കപ്പലുകളെ തടയാനുള്ള യുഎസ് നീക്കത്തിനിടെ, കടലിടുക്ക് ഇറാൻ്റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്‌ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല എന്ന് ട്രംപ്; വെടിനിർത്തൽ ഏപ്രിൽ 21 വരെ തുടരുമെന്ന് പാക്കിസ്ഥാൻ

You may also like

error: Content is protected !!