Thursday, May 14, 2026
Home » ഞാൻ ഗോമർ
കവിത - ഞാൻ ഗോമർ

ഞാൻ ഗോമർ

കവിത

by Editor

ഞാൻ ഗോമർ,
മോഹങ്ങളുടെ തിരത്തള്ളലിൽ
ദിശ മാറി ഒഴുകിയ നദി
ജീവിതത്തിന്റെ ഉന്മാദ സുഗന്ധങ്ങൾ തേടിപ്പോയവൾ
നിന്റെ ചണക്കുപ്പായത്തിന്റ
മഹത്വം നിരസിച്ച പൊട്ടപ്രാവ്….

പട്ടും പൊന്നും തേടിപ്പോയവൾ
നിന്റെ ചിന്തകളോട് ഇഴ ചേർക്കപ്പെടാൻ
കഴിയാതെ പോയ എന്റെ വ്യാമോഹങ്ങൾ…
നിന്റെ നിരാസങ്ങളുടെ
നിസംഗതകളുടെ കരിമ്പാറക്കെട്ടുകളിൽ
വീണു തകർന്ന എന്റെ പ്രണയ പരവശമായ
ഹൃദയത്തിന്റെ പിടച്ചിൽ നീ കേട്ടതേയില്ല…

മനുഷ്യ മനസ്സിന്റെ നിഗൂഢതകളെ അനാവരണം ചെയ്യുന്ന
മഹാ പ്രവാചകാ മോഹങ്ങൾ തുടിക്കുന്ന
എന്റെ മനസ്സ് നി അനാവരണം ചെയ്തതേയില്ല
നീയറിയാതെ ഞാനൊളിപ്പിച്ച
എന്റെ തീവ്രാഭിലാഷങ്ങൾ നിന്റെ
അന്തർ നേത്രവും കണ്ടില്ലേ പ്രിയനേ…

ഇസ്രായേലിന്റെ യാഗപീഠവും മഹാ ദൈവവും ഉപേക്ഷിച്ച്,
അന്യനാട്ടിലെ ഉത്സവങ്ങൾ തേടിപ്പോയവൾ
പരപുരുഷന്മാരുടെ ശയ്യ പങ്കിട്ടവൾ
എൻറ രതികൂജനങ്ങളിൽ ഉന്മാദം പൂണ്ടവർ
പാപത്തിന്റെ ഇരുണ്ട വഴികളിലൂടെ എന്നെ നയിച്ചതറിയാതെ
അഗമ്യ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയവൾ
വില പറഞ്ഞു വാങ്ങുന്ന വേശ്യയായവൾ
ഒടുവിൽ ഉടലളവുകൾക്കു വില കുറഞ്ഞു
വില കുറഞ്ഞ വേശ്യയായിത്തീരുന്നതറിയാതെ ജീവിച്ച്
മലിനയായവൾ,

അഭിലാഷങ്ങൾക്കു കടിഞ്ഞാണില്ലാത്തവൾ
എന്നിട്ടും എന്റ പ്രിയനേ
എന്നെത്തേടി വന്ന നിൻറ സ്നേഹത്തിനു മുന്നിൽ
പകച്ചു പോയവൾ
നിന്റെ സ്നേഹത്തിന്റെ
പ്രചണ്ഡ മാരുതനുയർത്തിയ വേലിയേറ്റത്തിൽ
വീണ്ടും നിന്റെ വിശുദ്ധ തീരമണഞ്ഞവൾ
വിശുദ്ധിയുടെ പ്രകാശവും സ്നേഹ സൗരഭ്യവും നിറഞ്ഞ
നിന്റെ ശാദ്വല ഭൂമികയിലേക്ക് മടക്കിവരുത്തവേ

അപമാനഭാരത്താൽ താണുപോയ എന്റെ ശിരസ്സ്
നിന്റെ നെഞ്ചിലമർന്നപ്പോൾ
നിന്റെ നിശ്വാസം എന്റെ മൂർദ്ധാവിൽ നിറച്ച ഊഷ്മളത
ചുട്ടുപൊള്ളിയ, പങ്കിലമായ എന്റെ ഉടലും ഉയിരും..
നനഞ്ഞ പക്ഷിക്കുഞ്ഞിനെ – പ്പോലെ
നിന്റെ നെഞ്ചിലെ ഇളം ചൂടേറ്റു മയങ്ങിയവൾ
പുറത്തു മാതള മരങ്ങൾക്കുമേൽ
മഞ്ഞു പൊഴിയുന്നത്
ജാലകപ്പഴുതിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു..

ഹേമന്തത്തിലെ തണുത്ത കാറ്റ്
കടന്നുവന്നു നമ്മെ പൊതിഞ്ഞു നിന്നു.
എന്റെ പ്രിയാ നിന്റെ ചുണ്ടുകൾ
എന്റെ ചുണ്ടുകൾക്കു മേൽ ചുംബനങ്ങൾ പെയ്യുമ്പോൾ
നിന്റെ ചുണ്ടുകൾക്കു മാതളച്ചാറിന്റെ
സുഗന്ധവും രുചിയുമുണ്ടെന്നു ഞാനറിഞ്ഞു.
മുൻപൊരിക്കലും ആരിൽ നിന്നും
നുകരാത്ത അനശ്വര പ്രേമത്തിന്റെ രുചി …
അങ്ങനെ 
എന്റെ കടങ്ങൾ
നീ എനിക്കു വീട്ടിത്തന്നു..

അന്നാ പോൾ

Nb: ബൈബിളിലെ പഴയ നിയമ പുസ്തകത്തിലെ പ്രവാചകന്മാരിൽ ഒരാളായിരുന്നു ഹോ ശെയ പ്രവാചകൻ . യഹോവയുടെ കല്പനപ്രകാരം വേശ്യയായിരുന്ന ഗോമറിനെത്തേടിച്ചെന്നു ഭാര്യയാക്കുന്നു

Send your news and Advertisements

You may also like

error: Content is protected !!