ന്യൂ ഡൽഹി: ഇന്ത്യയുടെ മൂന്നാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ആയി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്ക് പുൽത്തകിടിയിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങുകളോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നര വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ജനറൽ അനിൽ ചൗഹാന്റെ പിൻഗാമിയായാണ് രാജ സുബ്രഹ്മണി ചുമതലയേറ്റെടുക്കുന്നത്.
പാക്കിസ്ഥാൻ, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള പ്രതിരോധ കാര്യങ്ങളില്‍ സവിശേഷ വൈദഗ്ധ്യമുള്ള ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ഉജ്ജ്വലമായ സൈനിക ജീവിതത്തില്‍, വെല്ലുവിളികള്‍ നിറഞ്ഞ വിവിധ യുദ്ധമുഖങ്ങളിലും ഭൂപ്രദേശങ്ങളിലും സേവനമനുഷ്ഠിച്ച വ്യക്തിത്വമാണ് ജനറല്‍ സുബ്രഹ്‌മണി. 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേനയുടെ വൈസ് ചീഫായും, 2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിന് ശേഷം 1985 ഡിസംബര്‍ 14-ന് ഗര്‍വാള്‍ റൈഫിള്‍സിന്റെ എട്ടാം ബറ്റാലിയനിലാണ് അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടത്. ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും നേടിയിട്ടുണ്ട്. ജമ്മു കശ്മീരിലെ 168 ഇന്‍ഫന്‍ട്രി ബ്രിഗേഡ്, സെന്‍ട്രല്‍ സെക്ടറിലെ 17 മൗണ്ടന്‍ ഡിവിഷന്‍ എന്നിവയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ആര്‍മിയുടെ പ്രമുഖ സ്‌ട്രൈക്ക് കോര്‍പ്‌സ് ഉള്‍പ്പെടെ രണ്ട് കോര്‍പ്‌സുകളുടെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു.
കസാഖ്സ്ഥാനിലെ ഡിഫൻസ് അറ്റാഷെ, മിലിട്ടറി ഇൻ്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, നോർത്തേൺ കമാൻഡ് ഹെഡ്‌ക്വാർട്ടേഴ്‌സിലെ ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങി നിരവധി സുപ്രധാന സ്റ്റാഫ് തസ്തികകളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മികച്ച സേവന മുൻഗണനകൾ കണക്കിലെടുത്ത് പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, മൂന്നു സേനകൾ തമ്മിലുള്ള കൂട്ടായ്മ, ഏകോപനം, സംയോജനം എന്നിവ ശക്തിപ്പെടുത്തുന്നതിനായിരിക്കും തന്റെ പ്രധാന ഊന്നലെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി സായുധ സേനയുടെ ഘടനാപരമായ പരിഷ്കരണങ്ങളും പരിവർത്തനങ്ങളും തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ‘നമ്മുടെ സായുധ സേനകളില്‍ തദ്ദേശീയ ആയുധങ്ങളുടെ വികസനവും സമാഹരണവും സംയോജനവും ഞങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാവിധ സമര്‍പ്പണത്തോടും ധീരതയോടും പ്രൊഫഷണലിസത്തോടും കൂടി സായുധ സേന രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് ഞാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു,’ ജനറല്‍ സുബ്രഹ്‌മണി പറഞ്ഞു.

