കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശിയായ ബാലനാണ് (27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരൽമലയിൽ നിന്നുമാണ് അട്ടമലയിേലക്ക് പോകുന്നത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.
ദുരന്തത്തിനു ശേഷം അട്ടമലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഉരുൾപൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.