കല്പറ്റ: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിലാണ് കാപ്പാട് ഉന്നതിയിലെ മാനു (45) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്.
ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ പോകുന്നതിനിടെയായിരുന്നു കാട്ടാനയുടം ആക്രമണം ഉണ്ടായത്.
തിരുവനന്തപുരത്തു വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നനിലയില്‍ നാലുദിവസത്തിനുശേഷം കണ്ടെത്തി. കുളത്തൂപ്പുഴ വനം റെയ്ഞ്ച് പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപമാണ് ബാബുവിന്റെ വസ്ത്രങ്ങള്‍ ആദ്യംകണ്ടത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീര്‍ച്ചാലിനു സമീപത്തായി ആന ചവിട്ടിക്കൊന്നനിലയില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാൻപവർ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ബജറ്റ് ഫണ്ടും, നബാർഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.